കൊച്ചി: സംവിധായകൻ സിദ്ധിഖിന്റെ മരണത്തിന് പിന്നാലെ യുനാനി ചികിത്സ തേടിയതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാക്കിയതെന്ന് തരത്തിൽ വാദങ്ങൾ ഉയർന്നിരുന്നു. ഈ സംഭവത്തിൽ വിശദീകരണവുമായി കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ) രംഗത്ത്.
സിദ്ധിഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇവർ പറഞ്ഞു.
നേരത്തെ, സിദ്ധിഖിന്റെ മരണസമയത്ത് നടൻ ജനാർദ്ദനൻ സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ചില മരുന്നുകൾ കഴിച്ചിരുന്നുവെന്ന് പറഞ്ഞത്. മോഡേൺ മെഡിസിനല്ലാത്ത മരുന്നുകൾ സിദ്ധിഖ് കഴിച്ചിരുന്നെന്നാണ് ജനാർദ്ദനൻ പറഞ്ഞത്.
എന്നാൽ, ജനാർദ്ദനനുമായി ആശയവിനിമയം നടത്തിയപ്പോൾ അസുഖം മൂർച്ഛിക്കാൻ യുനാനി മരുന്ന് കാരണമായെന്ന തരത്തിൽ താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണമെന്നും യുനാനി സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യുനാനി ചികിത്സ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പരാമർശമാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു നടത്തിയത്. ഈ പ്രസ്താവന അദ്ദേഹം പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും യുനാനി സംഘടന നേതാക്കൾ പറഞ്ഞു.
ആയുഷ് ചികിത്സ സംവിധാനത്തെ തകർക്കുന്നതിന്റെ ഭാഗമാണ് അതിൽ അംഗമായ യുനാനി ചികിത്സാ വിഭാഗത്തിനെതിരായ നീക്കമെന്നും ഇവർ ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. എകെ സെയ്ദ് മുഹ്സിൻ, വൈസ് പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ, ജോയൻറ് സെക്രട്ടറി അദീബ് നബീൽ എന്നിവർ പങ്കെടുത്തു.