തിരുവനന്തപുരത്ത്: സപ്ലൈക്കോ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയാണെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് മുൻപ് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണമെത്തുന്നതിന് മുൻപായി ഈ മാസം 18ന് തന്നെ മുഴുവൻ ഭക്ഷ്യധാന്യങ്ങളും സപ്ലൈകോയിൽ എത്തിക്കുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.
നിലവിൽ സപ്ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. എങ്കിലും കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങളെത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.
നിലവിൽ സബ്സിഡിയുള്ള ഭക്ഷ്യ സാധനങ്ങൾക്ക് സപ്ലൈക്കോ മാർക്കറ്റുകളിൽ വലിയ ക്ഷാമമുണ്ട്. എട്ട് വർഷമായി വിലകൂടിയിട്ടില്ലെങ്കിലും സപ്ലൈക്കോയിൽ ഭക്ഷ്യധാന്യങ്ങൾ എത്താത്തത് വലിയ പ്രതിസന്ധിയാണ് സാധാരണക്കാർക്ക് സൃഷ്ടിക്കുന്നത്. സബ്സിഡിയുള്ള 13 ഇനങ്ങളിൽ പകുതി സാധനങ്ങളും പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥ വലിയ രീതിയിൽ ജനങ്ങളെ വലച്ചിരുന്നു. തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
ഇതിനിടെ, ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാകും വിതരണം ചെയ്യുക.
അതേസമയം, കൺസ്യൂമർഫെഡ് ഓണച്ചന്തകളുമായി എത്തുകയാണ്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതൽ പ്രവർത്തനം തുടങ്ങുക. സർക്കാർ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലെ അതേ വിലയിൽ സാധാരണക്കാരന് ലഭ്യമാക്കും. നോൺ സബ്സിഡി സാധനങ്ങൾക്ക് പൊതു വിപണിയേക്കാൾ പത്ത് മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്ന സ്ഥിതി ഓണച്ചന്തകളിലുണ്ടാകില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാനായി വിപണന കേന്ദ്രങ്ങളിൽ മുൻകൂർ കൂപ്പണുകൾ നൽകും. കൺസ്യൂമർഫെഡിൻറെ ത്രിവേണി സ്റ്റോറുകൾ,ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ,പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നിവ മുഖനയാണ് ചന്തകൾ പ്രവർത്തിക്കുക. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 20ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Discussion about this post