മലപ്പുറം: തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഇനി ചളിയില്‍ ചവിട്ടി ബുദ്ധിമുട്ടേണ്ട. പ്രവാസി സുഹൃത്തുക്കള്‍ അബ്ബാസ് പുതുപറമ്പിലും ഹംസക്കുട്ടി ചെറുപറമ്പിലും ചേര്‍ന്ന് ഇന്റര്‍ലോക്ക് പതിപ്പിച്ച് മനോഹരമാക്കി.
ഇരിപ്പിടങ്ങളും സ്ഥാപിച്ചു കഴിഞ്ഞു.
നാലു ലക്ഷം രൂപ ചെലവഴിച്ച് 20 ദിവസം കൊണ്ടാണ് നവീകരണം പൂര്‍ത്തിയാക്കിയത്. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ചെളി കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇരിക്കാന്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ പുഴയിലിറങ്ങുന്നവരുടെ വസ്ത്രങ്ങള്‍ പിടിച്ച് കരയില്‍ നില്ക്കുന്ന കാഴ്ചയും പതിവായിരുന്നു.
നാട്ടിലുള്ള സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചായിരുന്നു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്ഷേത്രമുറ്റത്തെ 1500 സ്ക്വയര്‍ ഫീറ്റില്‍ ഇന്റലോക്ക് പതിപ്പിക്കുകയും ഇരിപ്പിടങ്ങളും നിര്‍മ്മിച്ചു നല്കി. കഴിഞ്ഞ കര്‍ക്കടക വാവിനു മുമ്ബേ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് അരയാല്‍ മുതല്‍ പുഴക്കടവ് വരെയുള്ള സ്ഥലത്താണ് ഇന്റര്‍ലോക്ക് പതിച്ചത്. ആകെ 5000 സ്ക്വയര്‍ ഫീറ്റാണ് ക്ഷേത്രമുറ്റം. ഇതില്‍ മറ്റിടങ്ങളിലെല്ലാം ഇന്റര്‍ലോക്ക് ചെയ്തിരുന്നു. മഴ പെയ്താല്‍ ഇന്റര്‍ലോക്ക് ചെയ്യാത്തിടത്ത് വെള്ളം കെട്ടിനിന്ന് ക്ഷേത്രമുറ്റത്ത് ചളി നിറയുമായിരുന്നു.
ദുബായിലുള്ള ഇരുവരും നാട്ടിലെത്താന്‍ കാത്തുനില്‍ക്കാതെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സുഹൃത്തായ മുനീര്‍ നെല്ലിത്തൊടുവിലിനെ നിര്‍മാണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കുകയായിരുന്നു.ബിസിനസുകാരായ ഇരുവരും 20 വര്‍ഷമായി കുടുംബസമേതം ദുബായിലാണ്.
Discussion about this post