ആഴങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട കൂട്ടുകാരന്റെ രക്ഷകനായി: നീരജിനും അധിനും ധീരതാ പുരസ്‌കാരം

തൃശ്ശൂര്‍: കുളത്തിന്റെ ആഴങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട കൂട്ടുകാരന് പുതുജന്മമേകിയ വിദ്യാര്‍ഥികള്‍ക്ക് ധീരതാ പുരസ്‌കാരം. പറപ്പൂക്കര സ്വദേശി നീരജ് കെ നിത്യാനന്ദ്, മുല്ലശ്ശേരി സ്വദേശി അധിന്‍ പ്രിന്‍സ് എന്നിവരാണ് രാഷ്ട്രപതിയുടെ 2022ലെ ധീരതാ പുരസ്‌കാരത്തിന് അര്‍ഹരായത്.

വിദ്യാര്‍ഥികളെ രാഷ്ട്രപതി സ്വാതന്ത്ര്യദിനത്തില്‍ ധീരതാ പുരസ്‌കാരം നല്‍കി ആദരിക്കും. ആഴങ്ങളില്‍ നിന്ന് ജീവനുകള്‍ രക്ഷിച്ച നീരജിന് ഉത്തം ജീവന്‍ രക്ഷാ പഥക്കും അധിന്‍ ജീവന്‍ രക്ഷാ പഥക്കുമാണ് ലഭിക്കുക.

കുളത്തിന്റെ ആഴങ്ങളില്‍ അകപ്പെട്ട കളിക്കൂട്ടുകാരനെയാണ് നീരജ് സധൈര്യം രക്ഷപ്പെടുത്തിയത്. പോങ്കോത്രയില്‍ കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു ഈ സംഭവം. നീരജിന്റെ സുഹൃത്ത് 10 വയസുകാരന്‍ ഗോപാലകൃഷ്ണന്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നു.

കുളത്തിനു സമീപം കളിക്കുകയായിരുന്ന നീരജ് ആത്മധൈര്യം മുറുകെപിടിച്ചു കളിക്കൂട്ടുകാരനെ രക്ഷപ്പെടുത്താനായി കുളത്തിലേക്ക് ചാടി. മുങ്ങിത്താഴുകയായിരുന്ന ഗോപാലകൃഷ്ണനെ നീരജ് ഉടന്‍തന്നെ രക്ഷപ്പെടുത്തി കരയ്ക്കുകയറ്റുകയായിരുന്നു.

Exit mobile version