ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല, സുഖംപ്രാപിച്ചു; അപകട വാര്‍ത്തയില്‍ പ്രതികരിച്ച് തങ്കച്ചന്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ തങ്കച്ചന്‍ വിതുര സുഖം പ്രാപിക്കുന്നു. തനിക്കിപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് താരത്തിന് പരിക്കേറ്റെന്ന് വാര്‍ത്ത വൈറലായത്. എന്നാല്‍ അത് ഒരാഴ്ച മുന്‍പാണ് അപകടം നടന്നതെന്നും താരം പറഞ്ഞു.

വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്ക് സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ പുലര്‍ച്ചെ ഒന്നോടെ തൊളിക്കോട് പതിനെട്ടാം കല്ലിന് സമീപമായിരുന്നു അപകടം.

തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

‘എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്‌നേഹത്തോടെ തങ്കച്ചന്‍’, തങ്കച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കാറും ജെസിബിയും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റിരുന്നെന്നുമായിരുന്നു വാര്‍ത്ത. തങ്കച്ചന്‍ തന്റെ വിവരം പങ്കുവച്ചതോടെ ആരാധകരും സന്തോഷത്തിലാണ്.

Exit mobile version