കൊല്ലം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം. യുവതി മരിച്ചത് ചികില്‍സാ പിഴവുകൊണ്ടെന്ന് കുടുംബം ആരോപിച്ചു. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.
തിങ്കളാഴ്ചയാണ് ചടയമംഗലം പോരേടം സ്വദേശി അശ്വതി മരിച്ചത്. ഗര്‍ഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു. കുഞ്ഞിന് വളര്‍ച്ചക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഒരാഴ്ച മുന്‍പ് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
വെള്ളിയാഴ്ച ശാസ്ത്രക്രിയയിലൂടെ അശ്വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുട്ടിയേയും അമ്മയേയും വാര്‍ഡിലേക്ക് മാറ്റി. പിന്നീട് അശ്വതിക്ക് രാത്രിയോടെ വയറു വേദന അനുഭവപ്പെട്ടു. സിസേറിയന്‍ കഴിഞ്ഞ പിറ്റേ ദിവസം അശ്വതിക്ക് വീണ്ടും അടിയന്തര ശസ്ത്രക്രിയ നടത്തി. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അശ്വസിയുടെ കുഞ്ഞ് എസ്എടി ആശുപത്രിയുടെ പരിചരണത്തില്‍ തുടരുകയാണ്. അശ്വതിക്കും വിബിനും മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്.
അതേസമയം, അശ്വതിയുടെ മരണത്തില്‍ പോലീസില്‍ പരാതി നല്‍കിയത് അശ്വതിയുടെ സഹോദരനാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് പോലീസിന് കിട്ടിയ വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആന്തരികാവയവങ്ങളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.