തൃശൂര്‍: കാഴ്ചക്കുറവുളള അനുജന്മാരെ സംരക്ഷിക്കാന്‍ ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനിക്ക് തുടര്‍പഠനം ഉറപ്പ് നല്കി മലക്കാപ്പാറ പോലീസ് മാതൃകയായി. പെരുമ്പാറ ആദിവാസി ഊരിലെ ബിരുദ വിദ്യാര്‍ഥിനിയായ ജയശ്രീയെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് തുടര്‍പഠനത്തിന് അയച്ചത്.
ജയശ്രീയുടെ കാഴിചക്കുറവുള്ള അനുജന്മാരെ ആലുവയിലെ അന്ധവിദ്യാലയത്തില്‍ എത്തിച്ച് സൗജന്യ തുടര്‍പഠനവും പോലീസ് ഉറപ്പാക്കി. അടുത്ത ആഴ്ച ആലുവ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ കുട്ടികളുടെ കണ്ണിന് ഓപ്പറേഷനും നടത്തുമെന്ന് പോലീസ് അറിയിച്ചു.
മലക്കപ്പാറ സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ ശ്യാം.സി.ആര് ഗൃഹസന്ദര്‍ശന വേളയിലാണ് ജയശ്രീയുടെയും സഹോദരന്മാരുടെയും ജീവിതസാഹചര്യം നേരിട്ട് കണ്ടത്. തുടര്‍ന്ന് മലക്കപ്പാറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം. ഷാജഹാന് ഇവരുടെ ഊരിലെത്തി മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നല്കി. തുടര്‍ന്നാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.
വനവിഭവങ്ങള്‍ ശേഖരിച്ച് വില്പന നടത്തി ജീവിക്കുന്ന കുടുംബമാണ് ജയശ്രീയുടേത്. അച്ഛനും അമ്മയും കാട്ടിലേയ്ക്ക് പോയാല്‍ പരസഹായമില്ലാതെ സഹോദരങ്ങള്‍ക്ക് നില്‍ക്കാനാവില്ല. ഇത് മനസ്സിലാക്കിയ പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു. അന്ധവിദ്യാലയത്തില്‍ താമസിച്ചുപഠിച്ചിരുന്ന 14 ഉം 12 ഉം വയസ്സുളള സഹോദരങ്ങളെ രണ്ടുവര്‍ഷം മുമ്പാണ് പിതാവ് നിര്‍ബന്ധപൂര്‍വ്വം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്.
Discussion about this post