മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും പെണ്‍കുഞ്ഞ്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആര്യയുടെ പിതാവ് അറിയിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം സൃഷ്ടിച്ച ആര്യയും സിപിഎമ്മിന്റെ യുവ എംഎല്‍എയായ സച്ചിനും 2022 സെപ്തംബര്‍ നാലിനായിരുന്നു വിവാഹിതരായത്. ഗര്‍ഭിണിയായിരിക്കെയും ആര്യ മേയര്‍ ജോലി നിര്‍വഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിരുന്നു.

ബാലസംഘം- എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21ാം വയസ്സിലാണ് ആര്യ മേയറാകുന്നത്.

Exit mobile version