കൊച്ചി: വാടക നല്‍കാത്തതിന്റെ ദേഷ്യത്തില്‍ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ വീട്ടുടമസ്ഥനും കൂട്ടാളിയും അറസ്റ്റിലായി. ആലുവ തൈക്കാട്ടുകര വിടാക്കുഴ നംബാട്ടുനട വീട്ടില്‍ അലിയാരുടെ മകന് നസീര്‍ എന്‍.എ (43), അസം നാഗൌണ്‍ ഗുരുബന്ധ ബക്കര്‍ അലിയുടെ മകന് ഫോജോര്‍ അലി (23) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. നസീറും ഇയാള്‍ നോര്‍ത്ത് കളമശ്ശേരിയില്‍ നടത്തി വരുന്ന ഫ്രൂട്ട്സ് സ്റ്റാളിലെ ജോലിക്കാരനായ അസം സ്വദേശി ഫോജോര്‍ അലിയും ചേര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അസ്കറിനെ ആക്രമിക്കുകയായിരന്നു.
മുഹമ്മദ് അസ്കര്‍ താമസ്സിക്കുന്ന വാടക വീട്ടിലെത്തി ഇവര്‍ വാടക കുടിശ്ശിക ആവശ്യപ്പെടുകയും വാടക തന്നില്ലെങ്കില്‍ ഉടന്‍ തന്നെ വാടക വീട് ഒഴിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീടൊഴിയുവാന്‍ സാവകാശം ചോദിച്ച മുഹമ്മദ് അസ്കറിനെ ഇവര്‍ തള്ളി മാറ്റി വീടിനകത്ത് കടന്ന് വീട്ട് സാധനങ്ങള്‍ പുറത്തേക്കെറിയുകയായിരുന്നു.
ഇത് തടയുവാനെത്തിയ മുഹമ്മദ് അസ്കറിനേയും ഭാര്യയായ ജാസ്മിനെയും മകനായ ഷറഫുദ്ദീനേയും ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും, നസീര്‍ മുറ്റത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട കൊണ്ട് മുഹമ്മദ് അസ്കറിന്റെ തലക്കടിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ മുഹമ്മദ് അസ്കറിനെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും നസീറും കൂട്ടാളിയും ചേര്‍ന്ന് അത് തടയുഞ്ഞു. തുടര്‍ന്ന് വിവരം അറിഞ്ഞു പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അതിന് മുന്‍പ് തന്നെ നസീറും കൂട്ടാളിയും സംഭവ സ്ഥലത്തു നിന്ന് കടന്ന് കളയുകയായിരുന്നു.
പോലീസാണ് പരിക്കേറ്റ മൂവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഹമ്മദ് അസ്കറിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലീസ് പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
Discussion about this post