ചെന്നൈ: മലയാളിയായ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ട്രെയിന്‍ അപകടം. ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിന്‍ ഓടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റെയില്‍വേ പാളത്തിലെ തകരാറുകള്‍ കോഴിക്കോട് സ്വദേശി ഇ.പി. അജിത്ത് കുമാറിന്റെ ശ്രദ്ധയില്‍ പെടുന്നത്.
മുന്നോട്ട് പോയാല്‍ വന്‍ അപകടം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ അജിത്ത് കുമാര്‍ ഉടന്‍ വിവരം കൈമാറി. തുടര്‍ന്ന് പാളത്തിലൂടെയുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവെച്ച് അധികൃതര്‍ തകരാര്‍ വേഗത്തില്‍ പരിഹരിച്ചു. ട്രെയിന്‍ പാളം തെറ്റുന്നതിന് കാരണമാകുന്ന തകരാറാണ്, അജിത്ത് കുമാറിന്റെ ശ്രദ്ധയും മനഃസാന്നിധ്യവുംമൂലം ഒഴിവായത്.
ഞായറാഴ്ചയാണ് സംഭവം. ചെന്നൈ ബീച്ച്-താംബരം റൂട്ടില്‍ തീവണ്ടി ഓടിക്കുന്നിതിനിടെയാണ് ഗിണ്ടി സ്റ്റേഷന് സമീപം പാളത്തില്‍ തകരാറുള്ളതായി അജിത്തിന് മനസ്സിലായത്. തകരാറുള്ള ഭാഗത്തേക്ക് കയറിയപ്പോള്‍ തന്നെ സംശയം തോന്നിയതിനാല്‍ വളരെ വേഗംകുറച്ചു വളരെ ശ്രദ്ധയോടെ മുന്നോട്ട് നീങ്ങി. ഉടന്‍ തന്നെ വിവരം സെയ്ന്റ് തോമസ് മൗണ്ട് സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു.
എന്‍ജിനിയറിങ് വിഭാഗത്തെ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ അടുത്ത ട്രെയിനിന്റെ ലോക്കോ പൈലറ്റിന് സ്റ്റേഷന്‍മാസ്റ്റര്‍ വിവരം നല്‍കി. വേഗംകുറച്ച് മുന്നോട്ടുപോകാനും തകരാര്‍ സംശയിക്കുന്ന ഭാഗത്തുകൂടി കടന്നു പോകുന്നതിന് മുമ്പ് പരിശോധിക്കാനും നിര്‍ദേശിച്ചു.
ഗിണ്ടിയില്‍ തീവണ്ടി നിര്‍ത്തിയ ഈ ലോക്കോ പൈലറ്റ് പരിശോധിച്ചപ്പോള്‍ ട്രാക്കില്‍ കാര്യമായ തകരാറുള്ളതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.