തൃശൂര്‍: മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ വായനശാലയില്‍ സൗകര്യമൊരുക്കി വായനശാല ഭാരവാഹികള്‍. വായനശാലയ്ക്ക് സമീപം താമസിക്കുന്ന പുതിയാനത്ത് വീട്ടില്‍ വാസു(65)വിന്റെ അന്ത്യകര്‍മങ്ങള്‍ക്കാണ് ഗ്രാമീണ വായനശാല വേദിയായത്. കുറ്റിച്ചിറ ഗ്രാമീണ വായനശാലയാണ് മരണാനന്തര ചടങ്ങുകള്‍ നടത്താനായി നിര്‍ധന കുടുംബത്തിന് വിട്ടുനല്‍കി മാതൃകയായത്.
വൃക്കരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വാസു മരണപ്പെടുകയായിരുന്നു. എന്നാല്‍ വാസുവിന്റെ കര്‍മങ്ങള്‍ നടത്താന്‍ സ്ഥലമില്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരുടെ വിഷമം കണ്ട് വായനശാല ഭാരവാഹികള്‍ വായനശാലയില്‍ തന്നെ സ സൗകര്യമൊരുക്കി കൊടുക്കുകയായിരുന്നു.
റോഡിനോട് ചേര്‍ന്ന് ബേക്കറിയും അതിനോടനുബന്ധിച്ചുള്ള മുറിയിലുമാണ് വാസുവിന്റെ കുടുംബം താമസിച്ചിരുന്നത്. വീടിനകത്തോ, പുറത്തോ കര്‍മങ്ങള്‍ നടത്താന്‍ മതിയായ സൗകര്യമോ ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ വീട്ടുകാര്‍ വിഷമിച്ച് ഇരുന്നപ്പോഴാണ് വായനശാല പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത്.
വായനശാല പ്രവര്‍ത്തകരായ പികെ. ഉണ്ണിക്കൃഷ്ണന്‍, ടിവി. ബാലന്‍, കെവി ടോമി, സുബ്രന്‍ കൊരട്ടി, പ്രേംലാല്‍ എന്നിവര്‍ നേതൃത്വം നല്കി. കര്‍മങ്ങള്‍ക്ക് ശേഷം ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍ സംസ്‌കരിച്ചു.