വൈക്കം: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചതിൽ പ്രകോപിതരായ അച്ഛനും മക്കളും കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പോലീസ് നടപടി. കെഎസ്ഇബി തലയാഴം ഡിവിഷനിലെ ലൈൻമാനെയും കരാർ ജീവനക്കാരനെയും ആക്രമിച്ച കേസിലാണ് അച്ഛനും മക്കളും അറസ്റ്റിലായത്. വെച്ചൂർ മുച്ചൂർക്കാവ് അനുഷാ വീട്ടിൽ സന്തോഷ് (50), മക്കളായ അർജുൻ (21), അനൂപ് കുമാർ (22) എന്നിവരെ വൈക്കം പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ കെഎസ്ഇബി ഓഫീസിലെ ലൈൻമാൻ ഹരീഷിനെ സന്തോഷും അർജുനും ചേർന്ന് ആക്രമിക്കുകയായിരുന്നു. നേരത്തെ ഇവരുടെ വീട്ടിലെ വൈദ്യുതിബിൽ അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു.
പിന്നീട് ഇവർ വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായി വിവരമറിഞ്ഞാണ് കെഎസ്ഇബി ജീവനക്കാർ പരിശോധനയ്ക്കെത്തിയത്. ഈ സമയത്താണ് ഇവർ ഹരീഷിനെ ഇവർ ആക്രമിച്ചത്. ഇതിനുശേഷം അടുത്തദിവസം വൈദ്യുതി പുനഃസ്ഥാപിക്കാൻ എത്തിയ കരാർ ജീവനക്കാരനെ, അനൂപ് കുമാർ വീട്ടിലുണ്ടായിരുന്ന നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ പരാതിയെത്തുടർന്ന് വൈക്കം പോലീസ് കേസ് എടുത്തു. എസ്എച്ച്ഒ കെആർബിജു, എസ്ഐ ദിലീപ് കുമാർ, ഷിബു വർഗീസ്, വിജയപ്രസാദ്, സത്യൻ, സിപിഒമാരായ സുദീപ്, രജീഷ് എന്നിവർചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡുചെയ്തു.
Discussion about this post