ഭാര്യയ്ക്ക് നിറമില്ല, വെള്ളത്തില്‍ തള്ളിയിട്ട് കൊന്നു; 8 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

ഷജീറയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയും 2017 ല്‍ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി ഭര്‍ത്താവ് തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

പത്തനംതിട്ട: ഭാര്യയെ ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ഷിഹാബ് അറസ്റ്റില്‍. പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂണ്‍ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ മരിച്ചത്. ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയിലാണ് ഷജീറയെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയില്‍ മൂന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷം ഷജീറ മരണത്തിന് കീഴടങ്ങുകയായിരുന്നു.

തുടര്‍ന്ന് ഷജീറയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയും 2017 ല്‍ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി ഭര്‍ത്താവ് തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

സംഭവം ഇങ്ങനെ..

ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂര്‍ വാളക്കോട് കണ്ണങ്കര വീട്ടില്‍ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ മരണപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല.

കൊലപാതകം നടന്ന ദിവസം കരിമീന്‍ വാങ്ങാമെന്ന പേരിലാണ് മണ്‍റോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീന്‍ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറില്‍ കല്ലുമൂട്ടില്‍ കടവില്‍ തിരികെ എത്തി.

തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടര്‍ന്നു. തുടര്‍ന്ന് വെളിച്ച സൗകര്യമില്ലാത്ത കടവില്‍ നിന്ന് ഷജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആള്‍ക്കാര്‍ കൂടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണതെന്ന നിലയില്‍ ഷിഹാബ് അഭിനയിച്ചു.

എന്നാല്‍ സംഭവം ആരും നേരില്‍ക്കണ്ടിട്ടില്ല. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

Exit mobile version