കോട്ടയം: കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ ജി സാബു(57)വാണ് മരിച്ചത്. കാറിന് തീപിടിച്ച് സാബുവിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നുരാവിലെ മരണം സംഭവിച്ചത്.
വാകത്താനത്തേക്ക് വീട്ടിൽ നിന്നും കാറിൽ പുറപ്പെട്ട സാബു അൽപസമയം കഴിഞ്ഞ് തിരികെ എത്തിയിരുന്നു ഈ സമയത്താണ് കാർ പൊട്ടിത്തെറിച്ച് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ 10-നായിരുന്നു വീടിനുമുൻപിലെ വഴിയിൽ വെച്ച് കാറിൽ പൊട്ടിത്തെറിയുണ്ടായത്. വീടിന് അൽപ്പം മുമ്പ് കാർ നിർത്തിയ ഉടനെ വലിയ സ്ഫോടനശബ്ദത്തോടെ കാർ കത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
കാറിൽ ഡോർ ഗ്ലാസിന്റെ ഭാഗത്തേക്ക് ഇരുകൈകളുമിട്ട് അബോധാവസ്ഥയിലായിരുന്നു സാബു. സമീപവാസികളും വീട്ടുകാരും ചേർന്നാണ് സാബുവിനെ പുറത്തേക്കെത്തിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ഷൈനിക്കും പൊള്ളലേറ്റിട്ടുണ്ട്.
സാബുവിന്റെ മക്കളും പരിസരവാസിയും ചേർന്ന് സാബുവിനെ ഉടനെ തന്നെ ചെത്തിപ്പുഴയിലെ ആശുപത്രിയിലും അവിടെനിന്ന് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചിരുന്നു.
നാട്ടുകാരും ചങ്ങനാശ്ശേരിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളുമെത്തിയാണ് കാറിന്റെ തീയണച്ചത്. കാഞ്ഞിരപ്പള്ളി ചോറ്റിയിൽനിന്ന് ഒരുവർഷം മുൻപാണ് സാബു വാകത്താനത്ത് താമസമാക്കിയത്. പറമ്പുകളിൽ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടിക്കുന്ന ജോലി ഏറ്റെടുത്ത് ചെയ്യുകയാണ് സാബു.
ALSO READ- കോഴിക്കോട് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് 20കാരന് ദാരുണമരണം; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ
അതേസമയം, പഴക്കമുള്ളതാണ് വണ്ടിയെന്നും ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നും കരുതുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ.
ഭാര്യ: ഷൈനി, മക്കൾ: മെഡിക്കൽ പിജി വിദ്യാർഥി അക്ഷയ്, അക്ഷര
Discussion about this post