കൊച്ചി: സംവിധായകൻ സിദ്ധിഖിന്റെ പേരിനൊപ്പം എക്കാലവും ചേർത്തുവെച്ച പേരാണ് ലാൽ എന്നത്. ഒടുവിൽ സൗഹൃദം പാതിവഴിയിൽ ഉപേക്ഷിച്ച് സിദ്ധിഖ് യാത്രയാകുമ്പോൾ ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയാണ് നടനും നിർമ്മാതാവും സംവിധായകനുമായ ലാൽ.
കൊച്ചിയിൽ ഒന്നുമല്ലാതിരുന്ന കൗമാരക്കാലത്ത് പതിനാറാം വയസ്സിൽ തുടങ്ങിയതാണ് സിദ്ദിഖും ലാലും തമ്മിലുള്ള സൗഹൃദം. ഒരുമിച്ച് കലയോടൊപ്പം വളർന്ന ഇരുവരും ഒട്ടേറെ ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചു.
പിന്നീട് ഇരുവഴിയായി പിരിഞ്ഞെങ്കിലും സൗഹൃദത്തിന് കോട്ടം തട്ടിയില്ല. ഇന്ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രദർശനത്തിന് വച്ച സിദ്ദിഖിന്റെ ഭൗതികദേഹത്തിന് തൊട്ടരികിൽ തന്നെ ചേർന്ന് നിൽക്കുകയാണ് ലാൽ. ഈ സൗഹൃദക്കാഴ്ച കണ്ടുനിന്നവരേയും വല്ലാതെ നോവിക്കുന്നുണ്ട്.
ഇതിനിടെ സിദ്ധിഖിനെ അവവസാനമായി ഒരു നോക്കു കാണാനെത്തിയ സംവിധായകൻ ഫാസിൽ, നടൻ ഫഹദ് ഫാസിൽ അടക്കമുള്ള സിനിമാപ്രവർത്തകരെ കണ്ടപ്പോൾ ലാലിന് സങ്കടം നിയന്ത്രിക്കാനായില്ല. പ്രിയസുഹൃത്തിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരയുകയായിരുന്നു. ആശ്വസിപ്പിക്കാനും ഏറെ പാടുപെടുകയാണ്.
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സംവിധായകൻ സിദ്ധിഖ് (63)ചൊവ്വാഴ്ച രാത്രിയാണ് മരണമടഞ്ഞത്. കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച സിദ്ധിഖിന് ചികിത്സയ്ക്കിടെ തിങ്കളാഴ്ച സംഭവിച്ച ഹൃദയാഘാതമാണ് ആരോഗ്യനില ഗുരുതരമാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12ന് ശേഷം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറ് മണിക്ക് കൊച്ചി സെൻട്രൽ ജുമാമസ്ജിദിലാണ് ഖബറക്കം.
ഭാര്യ: സാജിത, മക്കൾ: സുമയ്യ, സാറ, സുകൂൻ