കൊച്ചി: അന്തരിച്ച ംസിധായകൻ സിദ്ധിഖിനെ അനുസ്മരിച്ച് നടൻ മുകേഷ്. ചിരി കഥാപാത്രങ്ങളിൽ ഒതുങ്ങേണ്ടിയിരുന്ന മുകേഷിനെ നായകസ്ഥാനത്തേക്ക് ഉയർത്തിയത് സിദ്ധിഖ്-ലാൽ ചിത്രങ്ങളായിരുന്നു. റാംജി റാവു സ്പീക്കിംഗ് ആണ് മുകേഷിന്റെ സിനിമാ കരിയറിൽ വഴിത്തിരിവായത്. സിദ്ധിഖ് വിട പറയുമ്പോൾ എന്തുപറയണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് മുകേഷും.
സോഷ്യൽമീഡിയയിൽ മുകേഷ് കുറിച്ചതും അങ്ങനെ തന്നെ, എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നാണ് മുകേഷ് ചോദിക്കുന്നത്.
‘എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ,
എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു.’- മുകേഷ് കുറിച്ചതിങ്ങനെ.
മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:
”സിദ്ദീഖ് വിട പറഞ്ഞു
എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…?
എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ,
എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ,മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ,ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം. ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്. ആത്മമിത്രമേ ആദരാഞ്ജലികൾ”
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സംവിധായകൻ സിദ്ധിഖ് (63)ചൊവ്വാഴ്ച രാത്രിയാണ് മരണമടഞ്ഞത്. ചികിത്സയ്ക്കിടെ സംഭവിച്ച ഹൃദയാഘാതമാണ് ആരോഗ്യനില ഗുരുതരമാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 12ന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറ് മണിക്ക് കൊച്ചി സെൻട്രൽ ജുമാമസ്ജിദിലാണ് ഖബറക്കം.
ഭാര്യ: സാജിത, മക്കൾ: സുമയ്യ, സാറ, സുകൂൻ