കോഴിക്കോട്: വലിയ ചരക്ക് വാഹനങ്ങള്‍ക്ക് താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവ് അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. 12 വീലുകളുള്ള 26 മീറ്റര്‍ വീതിയുള്ള വാഹനങ്ങള്‍ക്ക് രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെ ചുരം വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതം അനുവദിക്കും എന്ന മന്ത്രി പറഞ്ഞു.
എന്നാല്‍ കണ്ടയിനറുകളെ യാതൊരു കാരണവശാലും കടത്തിവിടുന്നതല്ലെന്നും 23ന് രാത്രി 11 മണി മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവ ഗസ്റ്റ് ഹൗസില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചരക്ക് ലോറി ഉടമകളുമായി ജില്ലാ കളക്ടര്‍ യുവി ജോസ് ദേശീയ പാത അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയ രാജ്, താമരശേരി ഡി.വൈ.എസ്.പി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനത്തില്‍ നിയന്ത്രണ വിധേയമായ ഇളവ് അനുവധിക്കാന്‍ തീരുമാനമായത്.