കാഞ്ഞിരപ്പള്ളി: ഗൂഗിള്‍മാപ്പ് നോക്കി പോയി പണി കിട്ടിയവര്‍ നിരവധിയാണ്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ കോട്ടയത്തുനിന്നും വരുന്നത്. ഗൂഗിള്‍ മാപ്പ് നോക്കിയെത്തിയ പാഴ്‌സല്‍ ലോറി ഊരാക്കുടുക്കില്‍പ്പെട്ടു.
എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്കു വന്ന ലോറി ബിഷപ്‌സ് ഹൗസ്- കോവില്‍ക്കടവ് റോഡിലാണ് കുടുങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണു സംഭവം.
ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി എത്തിയത് വീതി കുറഞ്ഞ റോഡിലായിരുന്നു. ഇതിലൂടെ മുന്‍പോട്ടും പിന്നോട്ടും കടന്നു പോകാന്‍ കഴിയാതെ വഴിയരികിലെ വീടിന്റെ മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയും, എതിര്‍വശത്തെ കയ്യാലയും തകര്‍ത്തു.
ലോറി ടൗണില്‍ പ്രവേശിക്കാതെ ഈരാറ്റുപേട്ട റോഡിലെത്താനുള്ള ശ്രമത്തിനിടെയാണ് ഇടവഴിയില്‍ കുടുങ്ങിയത്. മാപ്പില്‍ കാണിച്ച വഴി ശരിയായിരുന്നുവെങ്കിലും കഷ്ടിച്ച് ഒരു കാറിന് മാത്രമേ ഇതിലൂടെ കടന്നു പോകാന്‍ കടന്നുപോകാന്‍ കഴിയുമായിരുന്നുള്ളൂ.
ഈ റോഡിലൂടെ വലുപ്പവും നീളവും കൂടിയ ലോറി കടന്നുവന്നതാണ് വഴിയില്‍ കുടുങ്ങാന്‍ കാരണം.ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് സൈഡ് പറഞ്ഞുകൊടുത്താണ് ലോറി കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലെത്തിച്ചത്.