പത്തനംതിട്ട: പരുമല ആശുപത്രിയിലെ സ്‌നേഹ വധശ്രമക്കേസില്‍ ദുരൂഹതയെന്ന്
വനിതാ കമ്മീഷന്‍. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുളിക്കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്‌നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 വകുപ്പുകള്‍ പ്രകാരമാണ് അനുഷക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതി അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തില്‍ അനുഷയ്ക്ക് സ്ത്രീ എന്ന പരിഗണന നല്‍കണമെന്നും മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
അരുണിനെ കഴിഞ്ഞ ദിവസം പുളിക്കീഴ് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. അരുണിനെ കേസില്‍ പ്രതിയാക്കത്തക്ക തെളിവുകള്‍ ഒന്നും ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവ ദിവസം അനുഷ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി അരുണ്‍ സമ്മതിച്ചിരുന്നു. അനുഷ ആശുപത്രിയില്‍ പ്രവേശിച്ച സമയം അരുണ്‍ എങ്ങോട്ടേക്കാണ് പോയത്, വിദേശത്ത് ജോലി ചെയ്യുന്ന സമയം അനുഷയുമായി ഫോണില്‍ സൗഹൃദബന്ധം പുലര്‍ത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അരുണില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.
അരുണിന്റെയും അനുഷയുടേയും ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കുമ്പോള്‍ കേസ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അനുഷയെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
Discussion about this post