കോതമംഗലം: കോതമംഗലത്ത് വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കെ.എസ്.ഇ.ബിക്കാര്‍ വാഴവെട്ടിയ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും. കൃഷിവകുപ്പുമായി ആലോചിച്ച് സഹായം നല്‍കാനാണ് വൈദ്യുതി മന്ത്രിയുടെ നിര്‍ദേശം.
അനീഷ് എന്ന കര്‍ഷകന്‍ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ നാനൂറിലധികം ഏത്തവാഴയാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനിരത്തിയത്. കെ.എസ്.ഇ.ബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനിരത്തിയത്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്തായിരുന്നു അനീഷ് വാഴക്കൃഷി ചെയ്തത്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബി ജീവനക്കാരുടെ നടപടിയെന്ന് അനീഷ് ആരോപിച്ചിരുന്നു. വെട്ടി നശിപ്പിച്ചതില്‍ മിക്കതും കുലച്ച വാഴകളാണ്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറഞ്ഞു.
വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്ന സ്ഥലമാണിതെന്നും, പല പ്രാവശ്യവും വാഴകള്‍ കൃഷി ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതിനു മുമ്പൊന്നും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അനീഷ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരെത്തി 406 വാഴകള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു.
also read: കാമുകനുമായി പിണങ്ങിയ പെണ്‍കുട്ടി ഹൈ ടെന്‍ഷന്‍ പവര്‍ ലൈനില്‍ കയറി, പിന്നാലെ കാമുകനും! വൈറല്‍ വീഡിയോ
എന്നാല്‍ ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വാഴകൃഷി ചെയ്യരുതെന്നോ പറഞ്ഞിരുന്നില്ല. ഓണം വിപണി ലക്ഷ്യമിട്ട് ചെയ്തതായിരുന്നു കൃഷി. ഓണത്തിന് അനുബന്ധിച്ച് വെട്ടേണ്ട കുലകളായിരുന്നു വെട്ടി നശിപ്പിച്ചതെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.