ന്യൂഡല്‍ഹി: എം.പി സ്ഥാനം പുനഃസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി. ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്ന് തിരുത്തി ‘മെമ്പര്‍ ഓഫ് പാര്‍ലമെന്റ്’ എന്നാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ എഴുതിയിരിക്കുന്നത്.
അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെയായിരുന്നു നേരത്തെ രാഹുല്‍ ഗാന്ധി ട്വിറ്റര്‍ ബയോ മാറ്റിയത്. അന്ന് ട്വിറ്റര്‍ ബയോയില്‍ ലോക്‌സഭ എംപി എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ (Dis’Qualified MP) എന്നാണ് രാഹുല്‍ ചേര്‍ത്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ എം.പി സ്ഥാനം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇതേ ബയോ വീണ്ടും ‘മെമ്പര്‍ ഓഫ് പാര്‍ലമെന്റ്’ എന്നാക്കിയിരിക്കുകയാണ് രാഹുല്‍. 2019ലായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോദി എന്ന് പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു കാട്ടി സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചത്.
ഇതിനു പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സൂറത്ത് കോടതിയുടെ ഈ വിധിയാണ് ഓഗസ്റ്റ് നാലിന് സുപ്രീംകോടതി സ്റ്റേ ചെയ്യുന്നത്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും എന്നുള്ളത് വ്യക്തമായിരുന്നു.