കാർ പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹത; തീപിടിച്ചതിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് സ്ഥിരീകരിച്ച് മോട്ടോർ വാഹനവകുപ്പ്

ആലപ്പുഴ: മാവേലിക്കരയിലെ കണ്ടിയൂരിൽ വീടിന് മുന്നിൽ കാർ പൊട്ടിത്തെറിച്ച് കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ 35) മരിച്ച സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്. കാറിന് തീപിടിച്ച് പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിക്കാനുള്ള സാധ്യത കുറവാണ്. കാർ ഫോറൻസിക് വിദഗ്ധർ പരിശോധിക്കുന്നുണ്ടെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഷോർട്ട് സർക്യൂട്ട് ആണെങ്കിൽ എൻജിൻ ഭാഗത്തുനിന്ന് തീപടർന്ന് പിന്നിലേക്ക് എത്തേണ്ടതായിരുന്നു. എന്നാൽ കാറിന്റെ എൻജിൻ ഭാഗത്തിന് കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. വയറുകളോ ഫ്യൂസുകളോ പോയിട്ടില്ല. സംഭവത്തിൽ അസ്വാഭാവികതയുണ്ട്. വയറിങ് എല്ലാം കത്തിപ്പോയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കാറിൽ സിഗരറ്റ് ലാമ്പ് ഉണ്ടായിരുന്നു. ഇൻഹേലർ ഉപയോഗിക്കുന്ന ആളായിരുന്നു മരിച്ച കൃഷ്ണപ്രകാശ് എന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച അർധരാത്രിയോടെയാണ് മാവേലിക്കരയിലെ കണ്ടിയൂരിൽ കാർ പൊട്ടിത്തെറിച്ചത്.

ALSO READ- പോലീസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കാമുകനൊപ്പം ജീവിക്കാനായി ഭാര്യ ആസൂത്രണം ചെയ്തതെന്ന് പോലീസ്

കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മാവേലിക്കരയിലെ അഗ്‌നിരക്ഷാ സേനയും പോലീസുമെത്തിയാണ് തീയണച്ച് യുവാവിനെ പുറത്തെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version