കോഴിക്കോട്: നാളുകളായി പോലീസിന്റേയും കോഴിക്കോട് നിവാസികളുടേയും ഉറക്കം കളഞ്ഞ കള്ളന്‍ ആസിഡ് ബിജു ഒടുക്കം പോലീസ് കെണിയില്‍ പെട്ടു. ചോദ്യംചെയ്യലില്‍ തെളിഞ്ഞത് മുമ്പ് നടന്ന പല മോഷണങ്ങളുടേയും കഥകളാണ്. ഒറ്റ രാത്രിയില്‍ തന്നെ നാലും അഞ്ചും വീടുകളില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.
കഴിഞ്ഞ ഡിസംബര്‍ എട്ടിന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് ഡിസംബര്‍ 19ന് പിലാശ്ശേരിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്‌സ്‌ലെറ്റും പ്രതി മോഷ്ടിച്ചിരുന്നു.
എന്നാല്‍ ഇയാളുടെ മോഷണ രീതിയും ശ്രദ്ദേയമാണ്. മോഷ്ടിക്കാന്‍ എത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിക്കും. മോഷണം ശ്രമത്തിനിടെ പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയില്‍ നിന്ന് പത്തര പവനോളം സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ബിജു ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളില്‍ പിടിയിലായിട്ടുണ്ട്. മോഷണ നടത്തിയ സ്വര്‍ണ്ണം വിറ്റ് ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ് അവിവാഹിതനായ ഇയാള്‍ നയിച്ചിരുന്നത്.
കോഴിക്കോട് റൂറല്‍ എസ്പി ജി ജയദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈഎസ്പി പി ബിജുരാജിന്റെ നിര്‍ദേശപ്രകാരം കൊടുവള്ളി സിഐ പി ചന്ദ്രമോഹനും എസ്ഐ പ്രജീഷും വാഹന പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ അഞ്ചോടെ ഓമശ്ശേരി ടൗണിലാണ് ഇയാള്‍ക്ക് പിടി വീണത്. കോതമംഗലം സ്വദേശിണ് മണ്‍കുഴികുന്നേല്‍ ബിജു.