പാലക്കാട്: റെയില്‍ വേ ട്രാക്കില്‍ നിലയുറപ്പിച്ച് അപകടകാരികളായ കൊമ്പന്‍മാര്‍ പിടി പതിനാലും പിടി ഫൈവും. പാലക്കാട് കൊട്ടാംമുട്ടിയിലെ ജനവാസമേഖലയിലാണ് രണ്ടാഴ്ചയിലേറെയായി കൊമ്പന്മാര്‍ ഒരുമിച്ചുള്ളത്.
കൊമ്പന്മാരുടെ വമ്പ് കാലികള്‍ക്കും മനുഷ്യര്‍ക്കും അടുത്തിടെ വല്ലാതെ ഭീഷണിയായിട്ടുണ്ട്. പിടി പതിനാലിന്റെ ധൈര്യത്തിലാണ് കാതടപ്പിക്കുന്ന പടക്കം പൊട്ടിയാലും കുലുക്കമില്ലാതെ ആനക്കൂട്ടത്തെയും ഒഴിവാക്കി പിടി ഫൈവിന്റെയും ജനവാസമേഖലയിലെ സ്വതന്ത്ര വിഹാരം.
ട്രെയിന്‍ തട്ടി ആനകള്‍ ചരിയുന്നത് പതിവ് കാഴ്ചയാണ്. പാലക്കാട് കോയമ്പത്തൂര്‍ റെയില്‍ പാത കടന്നുപോവുന്ന ജനവാസമേഖലയിലൂടെയാണ്. ട്രാക്കില്‍ ഏത് സമയത്തും പ്രത്യക്ഷപ്പെടുന്ന കൊമ്പന്‍മാര്‍. വനംവകുപ്പിന് ഇവന്‍ പിടി ഫൈവ്. കൊമ്പിന്റെ രൂപം കണ്ട് നാട്ടുകാരിട്ട പേര് ചുരുളിക്കൊമ്പന്‍ എന്നാണ്.
കൃഷിയും ആള്‍നാശവും ഇവന്റെ ശീലങ്ങളിലുണ്ട്. ഏറ്റവും അപകടം പതിയിരിക്കുന്ന പാതയാണ് കൊമ്പന് ഇഷ്ടപ്പെട്ട യാത്രായിടം. ട്രെയിനിന്റെ വരവ് ഒട്ടും അലോസരപ്പെടുത്താതെയാണ് ഇവരുടെ നില്‍പ്പ്. പാളത്തിലേക്ക് കയറുന്നതില്‍ പ്രധാനി. പിടി ഫൈവില്‍ തീരുന്നില്ല ആശങ്ക. ഒപ്പമുണ്ട് പിടി പതിനാലും.