പട്ടാമ്പി: റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ വില കൂടിയ വസ്തുക്കള്‍ അടങ്ങിയ ബാഗ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ഉടമയ്ക്ക് കൈമാറി വിദ്യാര്‍ഥികള്‍. റോഡില്‍ നിന്നും കിട്ടിയ രണ്ടരലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് വിദ്യാര്‍ഥികള്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.
വ്‌ലോഗര്‍ ഹരീഷിന്റെ ബാഗും പണവുമാണ് റോഡില്‍ വീണ് പോയത്. കാറിന്റെ മുകളില്‍ വച്ചിരുന്ന ബാഗും ലാപ് ടോപ്പും യാത്രയ്ക്കിടെ ഹരീഷ് മറന്നുപോയിരുന്നു. പോലീസ് വിളിച്ചപ്പോഴാണ് ഹരീഷ് ബാഗും ലാപ്‌ടോപ്പും നഷ്ടമായത് അറിയുന്നത്.
പട്ടാമ്പി മാട്ടായ സ്വദേശികളായ പാലത്തിങ്ങല്‍ ആദിത്യനും കുന്നത്തായത്ത് വീട്ടില്‍ പ്രണവുമാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. യുവാക്കളുടെ സത്യസന്ധതയ്ക്ക്
ഹരീഷ് ഉപഹാരമായി പണവും നല്‍കി. എന്നാല്‍ ആ പാരിതോഷികം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കൂവെന്ന് പറഞ്ഞ് ആദിത്യനും പ്രണവും തിരിച്ചുനല്‍കുകയായിരുന്നു. യുവാക്കളുടെ മാതൃകയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടിയാണ്.
വൈകുന്നേരത്ത് ചായ കുടിക്കാന്‍ പോകുന്നതിനിടെയാണ് വഴിയരികില്‍ ബാഗ് വീണുകിടക്കുന്നത് കണ്ടത്. തുറന്നു നോക്കുമ്പോള്‍ ലാപ്‌ടോപ്പും പണവും ബ്ലൂടൂത്ത് ഇയര്‍ ബഡ്‌സ് ഉള്‍പ്പെടെ വിലപിടിപ്പുള്ള മറ്റു ഉപകരണങ്ങളും. ഉടനെ ബാഗ് പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
പിന്നീട് പോലീസ് അന്വേഷിച്ച് വിളിപ്പിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയകളിലെ വ്‌ലോഗറായ ഹാരിഷ് തളിയുടേതാണ് ബാഗെന്നും ബാഗ് തിരികെ ഏല്‍പ്പിച്ചവര്‍ക്ക് പാരിതോഷികം നല്‍കുന്നുണ്ടെന്നും യുവാക്കള്‍ അറിയുന്നത്.
ഉടമ പാരിതോഷികമായി നല്‍കിയ പണം പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കൂവെന്ന് പറഞ്ഞ് ഇരുവരും പാരിതോഷികത്തെ സ്‌നേഹപൂര്‍വം നിരാകരിക്കുകയായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കളും പണവും കണ്ടതിനാലാണ് ഉടനെ ബാഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചതെന്നും വസ്തുക്കള്‍ ഉടമയിലേക്ക് തിരികെയെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു