കൊച്ചി: കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. മുംബൈയില്‍ നിന്നും 19,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള വിമാനങ്ങളില്‍ 78,000 രൂപ വരെയാണ് ജനങ്ങളോട് ഈടാക്കുന്നത്.
അവധി കഴിഞ്ഞ് വീണ്ടും ഗള്‍ഫിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണിത്. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാണ്. സെപ്തംബര്‍ ആദ്യവാരത്തിലാണ് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത്. സെപ്തംബര്‍ മുതലുള്ള ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രവാസികളുടെ കണ്ണ് തള്ളിപ്പോകുന്നത്.
മുംബൈയില്‍ നിന്നും ദുബായിലേക്ക് 13466 രൂപയ്ക്ക് ഒമാന്‍ എയറിന്റെ ടിക്കറ്റുണ്ട്. എന്നാല്‍, തിരുവനന്തപുരത്തു നിന്ന് നോക്കിയപ്പോള്‍ റിയാദിലേക്ക് എയര്‍ അറേബ്യ 78,972 രൂപയാണ് ഈടാക്കുന്നത്. അതായത് മുംബൈയും കേരളവും തമ്മില്‍ ഗള്‍ഫിലേക്ക് ആറിരട്ടിയിലധികം രൂപയുടെ വര്‍ധന.
ദുബായിലേക്ക് സെപ്തംബര്‍ ഒന്നിന് ടിക്കറ്റിന് എമറൈറ്റ്‌സ് 72,143 രൂപയും റിയാദിലേക്കുള്ള ടിക്കറ്റിന് എത്തിഹാദ് 70,426 രൂപയും ഈടാക്കുന്നു. എയര്‍ ഇന്ത്യ മുംബൈയില്‍ നിന്ന് അബുദാബിയിലേക്ക് 24,979 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, കേരളത്തില്‍ നിന്ന് ദുബായിലേക്ക് 47, 662 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്.
Discussion about this post