വ്ളോഗറെ ഭീഷണിപ്പെടുത്തിയ കേസ്: നടന്‍ ബാലയെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്

കൊച്ചി: യൂട്യൂബ് വ്ളോഗറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ നടന്‍ ബാലയെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കൈയ്യില്‍ കരുതിയത് കളിത്തോക്ക് ആകാമെന്നാണ് പോലീസ് നിഗമനം. അതേസമയം, തോക്ക് ഉപയോഗിച്ചതില്‍ വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി ബാലയെ വിശദമായി ചോദ്യം ചെയ്യും. സംഭവസമയത്ത് കൈയ്യില്‍ കരുതിയ തോക്ക് പിടിച്ചെടുക്കും. കളിത്തോക്കില്‍ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

ചെകുത്താന്‍ എന്ന പേരില്‍ വ്ളോഗ് ചെയ്യുന്ന അജുവിനെയും സുഹൃത്തിനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് കേസ്. അജുവിന്റെ സുഹൃത്ത് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്‍. തൃക്കാക്കര പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ബാലയ്‌ക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലെ വിരോധമാണ് വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്താന്‍ കാരണമെന്നാണ് പരാതി.

അതേസമയം, യൂട്യൂബ് വ്ളോഗറുടെ ആരോപണം തെറ്റെന്ന് നടന്‍ ബാല വ്യക്തമാക്കിയിരുന്നു. താന്‍ വ്ളോഗറെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഗുണ്ടകളുമായല്ല പോയത്, കൂടെയുണ്ടായിരുന്നത് ഭാര്യയും ജിം കോച്ചും ഡ്രൈവറുമായിരുന്നു എന്നും ബാല പറഞ്ഞിരുന്നു.

നേരത്തെ അജുവിന്റെ മുറിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത് എന്നും ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്.

Exit mobile version