ഇനി ഉന്തുവണ്ടിയുമായി നടക്കേണ്ട, കൊച്ചിയില്‍ മാലിന്യ ശേഖരണം ഇനി ഹൈടെക്, 120 ഇ-കാര്‍ട്ടുകള്‍ വിതരണം ചെയ്തു

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് 2.39 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങള്‍ വാങ്ങി നല്‍കിയത്.

കൊച്ചി: നഗരസഭയും കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡും സഹകരിച്ച് നടപ്പാക്കുന്ന മാലിന്യ നീക്കത്തിനുള്ള ഇ-കാര്‍ട്ട് നഗരത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് വിതരണം ചെയ്തു. 120 ഇ-കാര്‍ട്ടുകളാണ് വിതരണം ചെയ്തത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് 2.39 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങള്‍ വാങ്ങി നല്‍കിയത്.

നിലവില്‍ മാലിന്യ ശേഖരണം നടത്തുന്ന വാഹനങ്ങളുടെ രൂപവും ഭാവവും മാറ്റുക എന്ന ഉദ്ദേശത്തോടെ ചാര്‍ജ്ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കാര്‍ട്ടുകളാണ് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് വിതരണം ചെയ്തത്.

ഉന്തി നടക്കുന്ന വാഹനങ്ങളില്‍ നിന്നും വായുമലിനീകരണം തീരെയില്ലാത്ത ഇ-കാര്‍ട്ടുകളിലേക്കുളള മാറ്റവും തുറന്ന വാഹനങ്ങളിലെ മാലിന്യ നീക്കം ഘട്ടം ഘട്ടമായി ഒഴിവാക്കി കവേര്‍ഡ് ടിപ്പറുകളും കോംപാക്ടറുകളും മാത്രം ഉപയോഗപ്പെടുത്തി മാലിന്യ നീക്കത്തില്‍ കാലോചിത പരിഷ്‌കാരം നടപ്പാക്കാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. നിലവില്‍ 897 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് കൊച്ചി നഗരത്തിലെ വീടുകളില്‍ നിന്നും മാലിന്യ ശേഖരിക്കുന്നത്.

അതേസമയം, നഗരത്തിലെ മുഴുവന്‍ ഹരിതകര്‍മസേനാ അംഗങ്ങള്‍ക്കും വാഹനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകബാങ്ക് സഹായത്തോടെ വാഹനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കിവരികയാണ്.

Exit mobile version