ചാലക്കുടി: ജയില്‍വാസത്തിന്റെ ദുരന്തദിന ഓര്‍മകളോട് വിട പറഞ്ഞ് പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് ഷീല സണ്ണി. വ്യാജ ലഹരി മരുന്നു കേസില്‍ പ്രതിയായി 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം മോചിതയായ ഷീല ബ്യൂട്ടിപാര്‍ലര്‍ വീണ്ടും തുറന്നു. പഴയ ഷോപ്പുണ്ടായിരുന്ന നോര്‍ത്ത് ജംക്ഷനിലെ അതേ കെട്ടിടത്തിലാണു ഷീ സ്‌റ്റൈല്‍ എന്ന പുതിയ പാര്‍ലര്‍.
മലപ്പുറം കല്‍പകഞ്ചേരി ആനപ്പറമ്പില്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള സംഘടന തണല്‍ ആണ് പുതിയ ബ്യൂട്ടി പാര്‍ലര്‍ സജ്ജീകരിച്ചു നല്‍കിയത്. മാധ്യമങ്ങളും സമൂഹവും കരുത്തു പകര്‍ന്ന് ഒപ്പം നിന്നതുകൊണ്ടാണു ജീവിതത്തിലേക്കു തിരികെയെത്താനായതെന്നു ഷീല പറഞ്ഞു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ലഹരി സ്റ്റാംപ് കൈവശംവച്ചു എന്നു കാണിച്ചാണു ഷീലയെ എക്‌സൈസ് അറസ്റ്റു ചെയ്തത്. പിന്നീടു കോടതി ജാമ്യം അനുവദിച്ചു. ലഹരിമരുന്നു സ്റ്റാംപെന്നു പറഞ്ഞു എക്‌സൈസ് ഹാജരാക്കിയതു കടലാസു തുണ്ടുകളായിരുന്നു പിന്നീട് രാസപരിശോധനയില്‍ തെളിഞ്ഞു.
വിവരം ഏറെ ദിവസം എക്‌സൈസ് രഹസ്യമാക്കി വച്ചു. പിന്നീട് പുറത്തു വന്നതോടെയാണു കോടതിയില്‍ രേഖ നല്‍കി ഷീലയുടെ പേരിലെടുത്ത കേസ് എക്‌സൈസ് റദ്ദാക്കിയത്. തന്റെ ബന്ധുതന്നെയാണ് ഇതിനു പിറകിലെന്നു ഷീല സൂചിപ്പിച്ചെങ്കിലും ഇനിയും പോലീസിനു തുമ്പുണ്ടാക്കാനായിട്ടില്ല. വ്യാജ സ്റ്റാംപ് വച്ചു എക്‌സൈസിനെ ചതിച്ചയാളെ കണ്ടെത്താനുമായില്ല.