കോട്ടയം: അകാലത്തില്‍ വിട പറഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന് കൊല്ലം സുധിയുടെ സ്വന്തം വീട് എന്ന സ്വപ്നം സഫലമാകുന്നു. സുധിയുടെ
കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്കി ബിഷപ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍.
ചങ്ങനാശ്ശേരിയില്‍ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് സുധിക്കും കുടുംബത്തിനുമായി റജിസ്ട്രേഷന് ചെയ്തു നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്ത് നല്‍കിയത്.
ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന് രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് അദ്ദേഹം.
ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുക. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിക്കായി സൗജന്യമായി വീട് പണിതുകൊടുക്കുന്നത്.
എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്ട്രേഷന് പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടന്‍ തുടങ്ങും, ബിഷപ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.
സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നും ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ല എന്നതാണ് വിഷമകരമായ കാര്യമെന്നും സുധിയുടെ ഭാര്യ രേണു പറഞ്ഞു. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ടെന്നും മരിക്കുന്നതിനു തൊട്ടുമുമ്പും അദ്ദേഹം വീടുവയ്ക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും രേണു പറയുന്നു.
Discussion about this post