അമിതമായി മരുന്ന് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമം, ഡോക്ടര്‍ ദമ്പതികള്‍ ആശുപത്രിയില്‍, ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

പത്തനംതിട്ട: അമിതമായി മരുന്ന് കഴിച്ച് ഡോക്ടര്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് സംഭവം. അബോധവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡോക്ടര്‍ മണിമാരന്‍, കൃഷ്ണവേണി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദമ്പതികളെ ഇന്ന് രാവിലെയാണ് അയല്‍വാസികള്‍ അബോധവാസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

also read: കാര്‍ കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തിയത് മൂന്ന് തവണ, ഒറ്റയാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടല്‍മാറാതെ മയിലാത്തയും പേരക്കുട്ടികളും

സ്ഥലത്തെത്തിയ പന്തളം പൊലീസ് വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. കിടപ്പുമുറിയില്‍ അബോധാവസ്ഥയിലായ ഇവരെ പൊലീസ് തന്നെയാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഡോക്ടര്‍മാര്‍ അപകടനില തരണം ചെയ്തിട്ടില്ല. അതേസമയം, ഇവരുടെ മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് മറ്റാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പില്‍ എഴുതിവച്ചിരിക്കുന്നത്.

കുടുംബാംഗങ്ങള്‍, ഐഎംഎ ഭാരവാഹികള്‍, പൊലീസ് എന്നിവര്‍ക്ക് പ്രത്യേകമായി കുറിപ്പ് എഴുതിവച്ചിരുന്നു. ഇരുവരും പന്തളത്ത് സ്വകാര്യ ആശുപത്രി നടത്തുകയായിരുന്നു. ദമ്പതികള്‍ക്ക് ഡോക്ടറായ ഒരു മകനുണ്ട്.

Exit mobile version