അട്ടപ്പാടി: റോഡിലൂടെ പോകുകയായിരുന്ന കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. അട്ടപ്പാടിയിലാണ് സംഭവം. വയോധികയും, രണ്ട് കുട്ടികളടക്കം കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പരപ്പന്‍ത്തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് നടുക്കുന്ന സംഭവം. 80 വയസുള്ള വയോധിക മയിലാത്തയും പേരക്കുട്ടികളും, ബന്ധുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്.
ബന്ധുവീട്ടിലെ ചടങ്ങിന് വേണ്ടി പോയതായിരുന്നു ഇവര്‍. കാട്ടാന മൂന്ന് തവണയാണ് കാര്‍ കൊമ്പില്‍ കോര്‍ത്ത് ഉയര്‍ത്തിയത്. കാറിന്റെ ബോണറ്റിലാണ് കൊമ്പില്‍ കോര്‍ത്തത്. കാട്ടാന വരുന്നത് കണ്ടുവെങ്കിലും കാറിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാനും കഴിഞ്ഞിരുന്നില്ല.
കുട്ടികളടക്കമുള്ളവര്‍ ബഹളം വെച്ചതോടെയാണ് കാട്ടാന പിന്മാറിയത്. കൊമ്പിലുയര്‍ത്തി നിലത്തടിക്കുന്നതിന് മുന്‍പ് നിലത്ത് വച്ചത് മൂലം വലിയ അപകടമാണ് വഴി മാറിയത്. കാറിന്റെ പല ഭാഗങ്ങളിലും കൊമ്പ് കുത്തിയത് മൂലമുള്ള കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
also read: ഒരോ ഗ്ലാസ് ചായക്ക് 1 കിലോ തക്കാളി ഫ്രീ, വിചിത്രമായ ഓഫറുമായി കടയുടമ! തിരക്ക് നിയന്ത്രിക്കാന്‍ പോലീസ്
കാട്ടാനയുടെ ശല്യം ഇവിടെ പതിവായതിനാല്‍ ആറുമണിക്ക് ശേഷം പുറത്തിറങ്ങാതിരിക്കാനാണ് നാട്ടുകാര്‍ ശ്രമിക്കുന്നത്. ജോലിക്കും ആശുപത്രി ആവശ്യത്തിനുമായി പുറത്തിറങ്ങേണ്ടി വരുന്നവര്‍ ആനയുടെ ആക്രമണത്തില്‍ ജീവന്‍ കയ്യിലെടുത്ത് രക്ഷപെടേണ്ട സാഹചര്യമാണ് ഈ മേഖലയില്‍.