കൊച്ചി: നടന് കൈലാസ് നാഥ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി എത്തിയ കൈലാസ് നാഥ് നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സംസ്ക്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
1977 ലെ സംഗമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഇതു നല്ല തമാശ’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
‘ഒരു തലൈ രാഗം’ എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പര്‍ ഹിറ്റായി മാറി. പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം.
സിനിമകളേക്കാള്‍ കൂടുതല്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൈലാസ് നാഥ് ശ്രദ്ധിക്കപ്പെടുന്നത്. സേതുരാമയ്യര്‍ സിബിഐയിലെ സ്വാമിയായും സ്വന്തമെന്ന പദത്തിലെ കൊച്ചു കുട്ടനായും ഇരട്ടി മധുരത്തിലെ സുമനായും ശ്രീനാരായണ ഗുരുവിലെ ചട്ടമ്പി സ്വാമികളായും ശരവര്‍ഷത്തിലെ അയ്യരായും ഒക്കെ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടു.
മിന്നുകെട്ട്, എന്റെ മാനസപുത്രി, പ്രണയം,മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു. ഒടുവിലായി ചെയ്തത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടന് എന്ന കഥാപാത്രമായിരുന്നു.
Discussion about this post