കൊച്ചി: ഓൺലൈൻ തട്ടിപ്പുകേസിലെ പ്രതികളെ പിടികൂടാനെത്തി പ്രതികളിൽ നിന്നും പണം തട്ടിയെടുത്തെന്ന കേസിൽ കർണാടക പോലീസിലെ നാല് ഉദ്യോഗസ്ഥർ കളമശ്ശേരി പോലീസിന്റെ പിടിയിലായി. കസ്റ്റഡിയിലെടുത്ത പ്രതികളുമായി വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് കർണാടക പോലീസ് സംഘത്തെ കേരള പോലീസ് പിടികൂടിയത്.
പ്രതികളോട് പണം നൽകിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് കർണാടക പോലീസ് സംഘം ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് കേസ്. ഇവർ സഞ്ചരിച്ച വാഹനത്തിൽനിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായും കൊച്ചി ഡിസിപി ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കർണാടക പോലീസ് സംഘം പണം തട്ടിയെടുത്തെന്ന് കൊച്ചി പോലീസിന് പരാതി ലഭിച്ചത്. പ്രതികളുടെ കാറും കർണാടക പോലീസ് കൊണ്ടുപോയെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇതോടെ കൊച്ചി ഡിസിപിയുടെ നിർദേശപ്രകാരം ഈ കാർ കണ്ടെത്തുകയും കർണാടക പോലീസ് സംഘത്തെ പിടികൂടുകയുമായിരുന്നു. കാറിൽനിന്ന് 3.95 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഒരു സിഐയും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘമാണ് പിടിയാലായത്.
ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കൊച്ചിയിൽ എത്തിയ കർണാടക പോലീസ് സംഘമാണ് ഇവർ.
ALSO READ- അരിയും പുല്ലും കഴിച്ച് ജനവാസമേഖലയില്‍ പടയപ്പ, ആശങ്കയില്‍ തൊഴിലാളികള്‍
ആയിരം രൂപ നൽകിയാൽ അഞ്ചുദിവസം കൊണ്ട് കൂടുതൽ പണം തിരികെ ലഭിക്കുമെന്ന വാഗ്ദാനം നൽകിയായിരുന്നു ഓൺലൈൻ തട്ടിപ്പ് നടത്തിയത്. ഈ ഓൺലൈൻ ഇടപാടിൽ ബംഗളൂരുവിലെ ഒരുസ്ത്രീക്ക് 26 ലക്ഷത്തോളം രൂപ നഷ്ടമായിരുന്നു. ഈ പരാതിയിൽ കേസെടുത്ത ബംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് പ്രതികളെ തേടി കേരളത്തിലെത്തി.
മലപ്പുറത്തുനിന്ന് രണ്ടുപ്രതികളെ കർണാടക പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാണ് മട്ടാഞ്ചേരിയിൽനിന്ന് രണ്ടുപേരെ കൂടി പിടികൂടിയത്. ഈ കേസിൽ നിന്നും ഒഴിവാക്കാനായി 25 ലക്ഷം രൂപയാണ് ഇവർ മട്ടാഞ്ചേരി സ്വദേശികളിൽ നിന്നും ആവശ്യപ്പെട്ടത്.
ആദ്യം 25 ലക്ഷം ചോദിച്ച പോലീസുകാർ പിന്നീട് പത്തുലക്ഷമാക്കി കുറച്ചു. ഇതിൽ നാലുലക്ഷം രൂപ ഭീഷണിപ്പെടുത്തി വാങ്ങി. ബാക്കി ആറുലക്ഷം രൂപ കൂടി ചോദിച്ച് ഭീഷണി തുടർന്നതോടെയാണ് പ്രതികളുടെ ബന്ധുക്കൾ കൊച്ചി പോലീസിനെ സമീപിച്ചത്.
തുടർന്ന് കൊച്ചി കളമശ്ശേരി പോലീസ് ഇവരുടെ വാഹനം കണ്ടെത്തുകയും പണവുമായി പോലീസുകാരെ പിടികൂടുകയുമായിരുന്നു. കർണാടക പോലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സംഭവത്തിൽ കേരള പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.