പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ മകനെ പോലീസ് കീഴടക്കയിത് അതിസാഹസികമായി. പ്രതി നാട്ടുകാർക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൃതദേഹത്തിന് അടുത്തേക്ക് ആരേയും അടുപ്പിക്കാതെ കത്തി വീശി നിന്ന ഇയാളെ ഒടുവിൽ കൂടുതൽ പോലീസും നാട്ടുകാരും എത്തിയാണ് കീഴടക്കിയത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പുളിക്കീഴ് നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണൻകുട്ടി(76) ഭാര്യ ശാരദ എന്നിവരെയാണ് ഇളയമകനായ അനിൽ വെട്ടിക്കൊന്നത്. ആദ്യം അച്ഛനെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി, പിന്നാലെ അമ്മയെയും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും ഇയാൾ കത്തിവീശി അകറ്റി. ഇതോടെ വെട്ടേറ്റ ദമ്പതിമാരെ ആശുപത്രിയിലെത്തിക്കാനും വൈകി.
പിന്നീട് ആദ്യം സ്ഥലത്തെത്തിയ പോലീസിന് നേരേയും പ്രതി കയർത്തു. ഒടുവിൽ കൂടുതൽ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. എന്നാൽ വെട്ടേറ്റ മാതാപിതാക്കൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
അനിലും മാതാപിതാക്കളും തമ്മിൽ വർഷങ്ങളായി വഴക്കും പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടി പൊതുപ്രവർത്തകനായിരുന്നു. അനിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നേരത്തെ പലതവണ ഇവർ പരാതികൾ കൊടുത്തിരുന്നതായാണ് നാട്ടുകാരും സമീപവാസികളും പറയുന്നത്.
also read- തിരുവല്ലയിൽ വയോധികരായ അമ്മയെയും അച്ഛനെയും വെട്ടി കൊലപ്പെടുത്തി; മകൻ പിടിയിൽ
കൃഷ്ണൻകുട്ടി-ശാരദ ദമ്പതിമാർക്ക് മൂന്നുമക്കളാണുള്ളത്. ഇതിൽ ഇളയമകനാണ് അനിൽ. അനിലിന്റെ ഉപദ്രവം കാരണം ദമ്പതിമാർ ഇടയ്ക്ക് മാറിതാമസിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ അനിൽ മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു. ബഹളംകേട്ട് അയൽക്കാർ പോലീസിനെ വിളിച്ചറിയിച്ചെങ്കിലും രാത്രി പോലീസ് എത്തിയില്ലെന്നും ഇവർ ആരോപിച്ചു. മകൻ അനിൽകുമാറിനു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയവരാണ് ദമ്പതിമാരെ വെട്ടേറ്റനിലയിൽ കണ്ടത്. കഴുത്തറത്താണ് കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയത്. വയറിന്റെഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ഇതിനുശേഷമാണ് പല്ലുതേക്കുകയായിരുന്ന ശാരദയെയും കഴുത്തിന് വെട്ടി വീഴ്ത്തിയത്.
Discussion about this post