കാര്‍ ബൈക്കിലിടിച്ച സംഭവം: നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ്

കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് എംവിഡി. നോട്ടീസ് സുരാജ് നേരിട്ടെത്തി കൈപ്പറ്റിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അപകടം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാണ് സുരാജിനോട് എറണാകുളം ആര്‍ടിഒ ആവശ്യപ്പെട്ടിരിക്കുന്നത്.

അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സുരാജിനെതിരെ കേസെടുത്തത്. സുരാജ് സഞ്ചരിച്ചിരുന്ന കാര്‍ മലപ്പുറം സ്വദേശി ശരത്തിന്റെ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. സുരാജിനോട് വാഹനവുമായി ഹാജരാകാന്‍ പാലാരിവട്ടം പോലീസ് നിര്‍ദേശിച്ചിരുന്നു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് സുരാജിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. സുരാജ് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരുക്കേറ്റിരുന്നു.

Exit mobile version