തിരുവനന്തപുരം: അധ്യാപകരെ കുട്ടികള്‍ ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യാതെ ഇഷ്ടമുള്ളതു പോലെ വിളിക്കട്ടെയെന്ന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം(ക്യുഐപി) മേല്‍നോട്ട സമിതി. അധ്യാപക സംഘടനകള്‍ ഉള്‍പ്പെട്ട ക്യുഐപി യോഗത്തിലാണ് തീരുമാനം.
നേരത്തെ അധ്യാപകരെ വിദ്യാര്‍ഥികള്‍ ‘ടീച്ചര്‍’ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. സ്‌കൂളുകളിലെ അധ്യാപകരെ ലിംഗഭേദമില്ലാതെ ‘ടീച്ചര്‍’ എന്ന് വിളിക്കണമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.
also read: എഎന്‍ ഷംസീറിന് വേണ്ടി കരയോഗം പ്രസിഡന്റിന്റെ വക ശത്രുസംഹാര പൂജ
കഴിഞ്ഞ ജനുവരിയിലായിരുന്നു കുട്ടികള്‍ അധ്യാപകരെ മാഡം, സര്‍, മാഷ് എന്നിങ്ങനെ വിളിക്കുന്നത് ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. ആദര സൂചകമായി അധ്യാപകരെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദം ‘ടീച്ചര്‍’ എന്നാണെന്നും ഇങ്ങനെ വിളിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു കമ്മീഷന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചത്.
എന്നാല്‍ ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അധ്യാപക സംഘടനകളും രംഗത്തു വന്നതോടെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇപ്പോള്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവ് തള്ളിയ ക്യുഐപി കുട്ടികള്‍ക്ക് ഇഷ്ടമുള്ളതു പോലെ അധ്യാപകരെ അഭിസംബോധന ചെയ്യാമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കണ്ടെന്നുമാണ് തീരുമാനിച്ചത്.