തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ത്രീയ്ക്ക് പെറ്റി അടിച്ച് നല്‍കി എംവിഡി. ഫോട്ടോ എടുത്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അശ്രദ്ധയാണ് വിനയായത്. മണക്കാട് തോട്ടം റസിഡന്റ്‌സ് അസോസിയേഷനില്‍ ലേഖാസില്‍ ഭാവന ചന്ദ്രനാണ് വാഹനം മാറി ഉള്ള പെറ്റി ലഭിച്ചിരിക്കുന്നത്.
പരിക്കേറ്റ് കിടക്കുന്ന താനെങ്ങനെ റോഡില്‍ നിയമലംഘനം നടത്തിയെന്ന് അമ്പരന്ന് പരിശോധിച്ചപ്പോഴാണ് എംവിഡിയുടെ അശ്രദ്ധ പുറത്തറിയുന്നത്. ജൂലൈ പത്തിന് രാവിലെ 8.45ന് ജഗതി ഭാഗത്ത് പിന്‍സീറ്റ് യാത്രക്കാരിയ്ക്ക് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ജെഎന്‍ പുറത്തിറക്കിയ ഫോട്ടോ സഹിതമുള്ള ചെല്ലാന്‍ ഭാവനയ്ക്ക് ലഭിക്കുന്നത്. 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
ജൂണ്‍ 30ന് മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയിലാണ് ഭാവന. നോട്ടീസിലെ ചിത്രം പരിശോധിച്ചപ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയത് മനസിലാകുന്നത്. KL 01 CN 8219 എന്ന ആക്ടീവ സ്‌കൂട്ടറിന്റെ പെറ്റി ആണ് ഭാവനയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാവനയുടെ വാഹനം ആകട്ടെ KL 01 CW 8219 എന്ന് നമ്പരുള്ള ഹോണ്ട ഡിയോ സ്‌കൂട്ടറും. CN എന്നത് ഉദ്യോഗസ്ഥന്‍ CW എന്ന് മനസ്സിലാക്കിയത് ആണ് തെറ്റായി നോട്ടീസ് അയയ്ക്കാന്‍ കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം.