അമ്പലപ്പുഴ: കടുത്ത വയറുവേദനയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് ചികിത്സ തേടി പോകുംവഴി പാലത്തിൽ നിന്നും കനാലിലേക്ക് ചാടി ജീവനൊടുക്കിയ യുവാവ് നൊമ്പരമാകുന്നു. കാറിന്റെ ഡോർ തുറന്നിന്നിറങ്ങി തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽനിന്നാണ് യുവാവ് കനാലിലേക്ക് ചാടി മരിച്ചത്. സംഭവ സമയത്ത് യുവാവിന്റെ പിതാവും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നെങ്കിലും ആർക്കും ദാരുണ സംഭവം തടയാനായില്ല.
കരുനാഗപ്പള്ളി തഴവ വടക്കുമുറി കിഴക്ക് കാവുംപുറത്ത് വീട്ടിൽ ജി അതുലാണ് (അമ്പു-30) ഇന്നലെ പാലത്തിൽനിന്നു ചാടി പുഴയിൽ മുങ്ങി മരിച്ചത്. യുവാവ് വാഹനത്തിൽ ഇരുന്ന് കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നെന്ന് കൂടെ ഉണ്ടായിരുന്നവർ പറയുന്നു.
അതുൽ കാവുംപുറത്ത് ഗോപിനാഥൻപിള്ളയുടെയും ലളിതമ്മയുടെയും മകനാണ്. വയറുവേദനയെ തുടർന്ന് ഏതാനും ദിവസങ്ങളായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അതുൽ. പിന്നീട് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ 11.30ന് കാർ തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ എത്തിയപ്പോൾ വേഗം കുറഞ്ഞിരുന്നു. ഈ സമയത്ത് ഡോർ തുറന്ന് അതുൽ കനാലിലേക്കു ചാടുകയായിരുന്നു. കടുത്ത വേദന മൂലം അതുൽ കാറിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന അച്ഛനും അതുലിന്റെ സുഹൃത്തുക്കളും പറഞ്ഞു. ഡോർ തുറന്നു പുറത്തിറങ്ങുന്നതു കണ്ട് ഇവർ തടയാൻ ശ്രമിച്ചെങ്കിലും തട്ടി മാറ്റി എടുത്തുചാടുകയായിരുന്നു.
വിവരമറിച്ചതിനെ തുടർന്ന് വിവിധ അഗ്നിരക്ഷാ സേന യൂണിറ്റുകളും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അഥുലിനെ കണ്ടെത്താനായില്ല. ഒടുവിൽ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 1.30ന് മൃതദേഹം കണ്ടെത്തി കരയ്‌ക്കെത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കും. കേറ്ററിങ് തൊഴിലാളിയായ അതുൽ അവിവാഹിതനാണ്. സഹോദരങ്ങൾ.അരുൺ, അതുല്യ. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും.