അടൂർ: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അവശനിലയിലായ യാത്രക്കാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ബസ് ജീവനക്കാർ. വയോധികയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ബസ് ജീവനക്കാർ.
ചാരുംമൂട് പിടവൂർ പുത്തൻവീട്ടിൽ തങ്കമണിയമ്മ(65) യെയാണ് ജീവനക്കാർ കെഎസ്ആർടിസി.ബസിൽ തന്നെ അടൂർ ഹോളിക്രോസ് ആശുപത്രിയിലെത്തിച്ചത്. കെഎസ്ആർടിസി പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ എസ് ശ്രീലത, ഡ്രൈവർ വി ഷൈജു എന്നിവരാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. കായംകുളത്തുനിന്ന് പുനലൂരിലേക്ക് പോയ കെഎസ്ആർടിസി ബസിൽ വെച്ചാണ് ചാരുംമൂട്ടിൽനിന്ന് കയറിയ തങ്കമണിയമ്മയ്ക്ക് അവശത അനുഭവപ്പെട്ടത്. പത്തനാപുരത്തേക്കാണ് ഇവർ ടിക്കറ്റെടുത്തത്. ബസ് അടൂർ ഹൈസ്കൂൾ ജങ്ഷനിൽ എത്തിയപ്പോഴാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
ഉടനെ മറ്റൊന്നും ആലോചിക്കാതെ ഉടൻ തന്നെ ഡ്രൈവർ വി ഷൈജു ഇവരെ സമീപത്തുതന്നെയുള്ള അടൂർ ഹോളിക്രോസ് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തങ്കമണിയമ്മയെ മാറ്റിയിരിക്കുകയാണ്.
Discussion about this post