കിണറ്റിലകപ്പെട്ട് മരിച്ച മഹാരാജന്റെ കുടുംബത്തിന് ധനസഹായവുമായി മന്ത്രി വി ശിവന്‍കുട്ടി

2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെല്‍വിക്കാണ് മന്ത്രി കൈമാറിയത്.

തിരുവനന്തപുരം: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട് മരിച്ച മഹാരാജന്റെ കുടുംബത്തിനുള്ള സഹായധനം തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി കൈമാറി. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെല്‍വിക്കാണ് മന്ത്രി കൈമാറിയത്. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി – 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തുകയാണ് കൈമാറിയത്.


അതേസമയം, തിരുവനന്തപുരം എം ജി എം പബ്ലിക് സ്‌കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു.

കഴിഞ്ഞ ജൂലായ് 8ന് തമിഴ്നാട് തോവാളക്കടുത്ത് പെരുമാള്‍പുരം സ്വദേശിയായ വെങ്ങാനൂര്‍ നീലകേശിറോഡ് നെല്ലിയറത്തലയില്‍ മഹാരാജന്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റില്‍ അകപ്പെടുകയായിരുന്നു. 90 അടി താഴ്ചയുള്ള കിണറായിരുന്നു അത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് കിണറ്റില്‍ വീണത്. മൂന്ന് ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മഹാരാജിന്റെ മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചത്.

Exit mobile version