പാലക്കാട്: പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. അതേസമയം കേസ് അന്വേഷണത്തില്‍ കാര്യമായി പുരോഗതി ഇതുവരെ ഇല്ലയെന്ന ആരോപണമുണ്ട്.
സിബിഐ അന്വേഷണവും അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജിഷ്ണുവിന്റെ കുടുംബം. തന്റെ മകന്റെ മരണത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറയുന്നു. മകന്റെ ഓര്‍മ്മകളിലാണ് ഈ അമ്മയുടെ ജീവിതം മുന്നോട്ട് പോകുന്നത്. എപ്പോഴും അവന്‍ അരികിലുണ്ടെന്ന വിശ്വാസം ഈ അമ്മയ്ക്കുണ്ട്.
അതേസമയം സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്‌മെന്റ് പരീക്ഷകളില്‍ തോല്‍പ്പിക്കുന്നതടക്കമുള്ള പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2017 ജനുവരി ആറിനാണ് കോളേജിലെ ഹോസ്റ്റലില്‍ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന തുടക്കംമുതലേ ആരോപണമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ കോളേജില്‍ ഇടിമുറിയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു
കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തത് മൂലം സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. എന്നാല്‍ ഇതുവരെ കേസിലെ പ്രധാന സാക്ഷികളുടെ മൊഴിയെടുക്കാന്‍ പോലും സിബിഐയ്ക്ക് സാധിച്ചിട്ടില്ല.