കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിനിരയായി അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് തുടങ്ങി. സാക്ഷികളായ ആലുവ മാര്‍ക്കറ്റിലെ സി.ഐ.ടി.യു നേതാവ് താജുദീന്‍, പ്രതി കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത എന്നിവരാണ് തിരിച്ചറിയല്‍ പരേഡിനെത്തിയത്. സാക്ഷികളായ മൂന്ന് പേരെയും സബ് ജയിലിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.
അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീന്‍ പറഞ്ഞു. കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് ആദ്യം കണ്ടത് താജുദ്ദീന്‍ ആയിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാര്‍ക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീന്‍ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ തന്റെ കുഞ്ഞാണെന്നും മൂത്രമൊഴിക്കാന്‍ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി.
എന്നാല്‍ പ്രതി പറഞ്ഞത് താജുദ്ദീന്‍ വിശ്വസിക്കുകയായിരുന്നു. പിറ്റേദിവസം മാധ്യമങ്ങളില്‍ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം താജുദ്ദീന്‍ അറിയുന്നത്. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാന്‍ കഴിയാത്തതിന്റെ വിഷമ്തിലാണ് അദ്ദേഹം.
അതേസമയം, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെയുളളത്.
Discussion about this post