കൊച്ചി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പോലീസ് ജീപ്പില്‍ തട്ടിയെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത പന്ത് തിരിച്ചുകൊടുക്കാതെ കൊച്ചി പനങ്ങാട് പോലീസ്. നെട്ടൂര്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികളുടെ പന്താണ് പോലീസ് ജീപ്പില്‍ തട്ടിയത്. കുട്ടികള്‍ക്ക് നാട്ടുകാര്‍ പുതിയ പന്തുകള്‍ നല്‍കിയതോടെ കളിക്കളം സജീവമായി. എങ്കിലും എന്തിനാണീ വാശിയെന്നാണ് നെട്ടൂരിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടംങ്കം പോലീസിനോട് ചോദിക്കുന്നത്.
അതേസമയം, വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന രീതിയില്‍ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് കുട്ടികളും പ്രദേശത്തെ യുവാക്കളും ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് വാഹന പരിശോധനയ്‌ക്കെത്തിയ പോലീസ് ജീപ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ ജീപ്പില്‍ പന്ത് കൊള്ളുമെന്നും കുട്ടികള്‍ പറഞ്ഞു, എന്നാല്‍ പോലീസ് കേട്ടില്ല.
പിന്നീട് പന്ത് ജീപ്പിന്റെ ചില്ലില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് നെട്ടൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫുട്‌ബോള്‍ കസ്റ്റഡിയിലെടുത്തു. ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നതിന് എതിരല്ലെന്നും എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍ നിന്ന് പന്ത് കൈപ്പറ്റാമെന്നും പനങ്ങാട് പോലീസ് വ്യക്തമാക്കി.