പത്തനംതിട്ട: ഫീസടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ കോന്നിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ പഠിച്ചിരുന്ന എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.
മകള്‍ ആത്മഹത്യ ചെയ്തത് ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണെന്ന് അതുല്യയുടെ അച്ഛന്‍ പറഞ്ഞു. ലോണ്‍ ഉള്‍പ്പെടെ പഠനസഹായം വാഗ്ദാനം ചെയ്ത ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റ് ആണ് അതുല്യയ്ക്ക് കര്‍ണാടകയില്‍ നഴ്‌സിംഗ് അഡ്മിഷന്‍ വാങ്ങി നല്‍കിയത്. എന്നാല്‍ ട്രസ്റ്റ് അധികൃതര്‍ തട്ടിപ്പ് കേസില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതോടെ അതുല്യയുടെ പഠനം മുടങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് അതുല്യയടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ നഴ്സിങില്‍ അഡ്മിഷന്‍ നേടിയത്. ഇതോടെ, ട്രസ്റ്റിന്റെ സഹായത്തോടെ പഠനം തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ മനോവിഷമത്തിലായിരുന്നു. ഒരുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി അതുല്യ അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തി.
തുടര്‍ന്ന് തുടര്‍ പഠനത്തിനുള്ള വായ്പ തേടി ബാങ്കുകളില്‍ അതുല്യ പോയെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി മകള്‍ ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന്‍ പുതുക്കി വീണ്ടും ഒന്നാംവര്‍ഷം മുതല്‍ പഠിക്കണമെന്ന് കോളേജ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതോടെ പണം അടച്ച് അതുല്യ തിരികെ വീട്ടിലേക്ക് പോന്നു.
അതേസമയം, പഠനം മുടങ്ങുമെന്ന വിഷമത്തിലായിരുന്നു അതുല്യയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അതുല്യയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും പലിശയ്ക്ക് എടുത്തിട്ടായാലും മകളെ പഠിപ്പിക്കുമായിരുന്നുവെന്നും അതിന് അവള്‍ കാത്ത് നിന്നില്ലെന്നും അതുല്യയുടെ കുടുംബം പറഞ്ഞു.