കൊല്ലം: 15കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിൽപ്പന നടത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് പുനലൂർ കോടതിയിൽ അപേക്ഷനൽകും. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വിശദമായ അന്വേഷണം.
കുളത്തൂപ്പുഴ സ്വദേശിനിയായ 15-കാരിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ സാംനഗർ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനിൽ വിഷ്ണു (33) ഭാര്യ സ്വീറ്റി (21) എന്നിവരാണ് അറസ്റ്റിലായത്.
ദൃശ്യങ്ങൾ വിറ്റതിലൂടെ പതിനായിരം രൂപയോളം തനിക്ക് ലഭിച്ചെന്നാണ് പ്രതിയായ വിഷ്ണു പോലീസിന് നൽകിയ മൊഴി. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിക്കുകയാണ്. ഇയാൾ ആർക്കെല്ലാം ദൃശ്യങ്ങൾ വിൽപ്പന നടത്തിയെന്ന് കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായവും തേടും. ഇവരിലേക്കും അന്വേഷണമെത്തുമെന്നാണ് സൂചന.
പീഡനത്തിനിരയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ഇതിനിടെ ഇയാൾ ചെങ്ങന്നൂർ സ്വദേശിനിയായ സ്വീറ്റിയെ വിവാഹം കഴിച്ചിരുന്നു. വീടുനിർമാണം നടക്കുന്നതിനാൽ ഇയാൾ പെൺകുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു.
തുടർന്ന് ട്യൂഷനെടുക്കാനെന്ന പേരിൽ പെൺകുട്ടിയെ വാടകവീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു. സ്വീറ്റി ആദ്യം എതിർത്തെങ്കിലും പിന്നീട് ഭർത്താവിനൊപ്പം കുറ്രകൃത്യത്തിൽ പങ്കാളിയായി. ഇരുവരും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി. കൂടാതെ വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങൾ പെൺകുട്ടിയെക്കൊണ്ട് പകർത്തിക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ഇരുവരും. ഇൻസ്റ്റഗ്രാമിൽ സർവീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുനൽകിയിരുന്നത്. 500 മുതൽ 2,000 രൂപവരെ ഈടാക്കിയാണ് ദൃശ്യങ്ങൾ നൽകിയിരുന്നത്.
ഈ സംഭവത്തെക്കുറിച്ച് പെൺകുട്ടി സഹപാഠിയോട് വെളിപ്പെടുത്തിയിരുന്നു. സഹപാഠി വിവരം അധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു.