പൂജാരിമാരെ അടച്ചാക്ഷേപിച്ചതിന് മാപ്പ്; തനിക്ക് തെറ്റുപറ്റിയെന്ന് രേവദ്; മതസ്പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചതിന് പരാതി നൽകി അഭിഭാഷകൻ

ആലുവ: കൊല്ലപ്പെട്ട ബിഹാറി സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ അന്ത്യ കർമ്മത്തിന് ശേഷം പൂജാരിമാരെ അടച്ചാക്ഷേപിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചാലക്കുടി സ്വദേശി രേവദ് ബാബു. വിഷയത്തിൽ തെറ്റ് പറ്റിയെന്നും മാപ്പ് ചോദിക്കുന്നുവെന്നും രേവദ് ബാബു പറഞ്ഞു.

ഹിന്ദിക്കാരി കുട്ടിയായതിനാൽ കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്നും ഒരു കർമ്മം മാത്രം ചെയ്ത് പരിചയമുള്ള താൻ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മുന്നോട്ട് വരികയായിരുന്നു എന്നുമായിരുന്നു ദേവദ് പറഞ്ഞു പരത്തിയത്.

പിന്നാലെ സോഷ്യൽമീഡിയയിൽ സംഭവം വലിയ ചർച്ചയായിരുന്നു. എന്നാൽ ഇയാളുടെ ഈ വാദങ്ങൾ ശരിയല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കുട്ടിയുടെ സംസ്‌കാരത്തിന് അൽപം മുമ്പാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ കർമം ചെയ്യാൻ ഒരാളെ കിട്ടുമോ എന്നന്വേഷിച്ചത്. ഉടനേ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിനെ ഇക്കാര്യമറിയിച്ചു. അവർ പറഞ്ഞതനുസരിച്ച് പഞ്ചായത്ത് മെമ്പർ രമണൻ ചേലാക്കുന്ന് ആണ് ആളെ കൊണ്ടുവന്നതെന്ന് അൻവർ സാദത്ത് എംഎൽഎ അറിയിച്ചിരുന്നു. രേവദ് മറ്റാരും വരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് കർമ്മങ്ങള് നടത്തിയത്. ഉടനെ തന്നെ സ്ഥലത്ത് എത്തേണ്ടതിനാലാണ് വിളിച്ച പലരും അസൗകര്യം അറിയിച്ചത്. ഇത് രേവദ് മുതലെടുക്കുകയായിരുന്നു.

ഇക്കാര്യം വെളിപ്പെട്ടതോടെ രേവദ് ബാബുവിനെതിരെ പരാതിയുമായി ആലുവയിലെ അഭിഭാഷകൻ രംഗത്തെത്തി. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലാണ് രേവദിനെതിരെ ആലുവ റൂറൽ എസ്പിക്ക്് പരാതി നൽകിയത്.

ALSO READ- പൂജാരിമാരുടെ അസൗകര്യം മുതലെടുത്ത് രേവദ്; ഹിന്ദിക്കാരി കുട്ടിയല്ലേ എന്ന് പറഞ്ഞ് പൂജാരിമാർ ഒഴിഞ്ഞുനിന്നിട്ടില്ല; രേവദിനെതിരെ നടപടിയെന്ന് എംഎൽഎ

ദേവദ് ബാബുവിന്റെത് മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണെന്നാണ് അഭിഭാഷകന്റെ പരാതി. പ്രസ്താവനയിലൂടെ മതസ്പർദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിന് കേസെടുക്കണമെന്നും ജിയാസ് ജമാൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം, വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് അൻവർ സാദത്ത് എംഎൽഎയും രംഗത്തെത്തി. പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്ത രേവദ് എന്നയാൾ പറഞ്ഞ കാര്യങ്ങൾ തെറ്റെന്ന് എംഎൽഎ പ്രതികരിച്ചു. പെൺകുട്ടി ഹിന്ദിക്കാരി ആയതിനാൽ പൂജാരിമാർ അന്ത്യകർമങ്ങൾക്ക് തയ്യാറായില്ലെന്ന വാദം തെറ്റാണെന്നും രേവദ് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുകയായിരുന്നു എന്നും എംഎൽഎ പറഞ്ഞു. വാർത്തകൾ പുറത്തുവന്ന ശേഷമാണ് കാര്യങ്ങൾ വ്യക്തമായതെന്നും അദ്ദേഹം പ്രതികരിച്ചു.


താൻ ആ സമയത്ത് അതിനു തയ്യാറായ ആളെ അഭിനന്ദിച്ചിരുന്നു. എന്നാൽ, മെമ്പറെ തെറ്റിദ്ധരിപ്പിച്ചാണ് അയാൾ എത്തിയതെന്നും പൂജാരിമാർ വരാൻ തയ്യാറായില്ലെന്ന് പറഞ്ഞത് തെറ്റാണെന്നുമാണ് ഇപ്പോൾ മനസ്സിലാകുന്നത്. ഇയാൾക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യം പരിശോധിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

Exit mobile version