കോഴിക്കോട്: ഹര്‍ത്താലില്‍ കോഴിക്കോട് മിഠായി തെരുവില്‍ പോലീസ് അക്രമികള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയതിന് പിന്നാലെ ജില്ലാ പോലീസ് മേധാവിയെ പഴിച്ച് പോലീസുകാരന്റെ കുറിപ്പ് വെറലാകുന്നു. പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സെന്നാണ് പോലീസുകരന്റെ ആരോപണം. കോഴിക്കോട്ടെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് എന്ന ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അക്രമത്തെ തടയുന്നതാണ് പോലീസിങ് എന്ന് ഒരു ഐപിഎസ് കാരന് അറിയില്ലേയെന്ന് ഉമേഷ് ചോദിക്കുന്നു. സര്‍ക്കാരും ഡിജിപിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്‍പര്യങ്ങള്‍ കൊണ്ടാണോയെന്ന സംശയവും ഉമേഷ് വള്ളിക്കുന്ന് തുറന്നടിച്ചു.
ഉമേഷിന്റെ പോസ്റ്റ് ഇങ്ങനെ…
മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാർ. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ തുടരെത്തുടരെ ഹർത്താൽ പ്രഖ്യാപിച്ച് അതിന്റെ മറവിൽ തലയിൽ വെളിച്ചം കയറാത്ത നാലാംകിട ഗുണ്ടകളെ ഇറക്കിവിട്ട് രാജ്യദ്രോഹവും ജനദ്രോഹവും പതിവാക്കിയ നേതാക്കളൊക്കെ കൂർക്കം വലിച്ചും കേലയൊലിപ്പിച്ചും കിടന്നുറങ്ങുമ്പോൾ ഇവരിങ്ങനെ കൊതുകുകടിയും മഞ്ഞും കൊണ്ട് രാത്രി തള്ളി നീക്കണം. എട്ടു മണിക്കൂർ ഡ്യൂട്ടിയെന്നൊക്കെ കേട്ടുകേൾവിയുണ്ടാകും. രാവിലെ അഞ്ചരമണിക്ക് യൂണിഫോമിട്ട് വന്നവരാണ്. ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞാലെങ്കിലും യൂണിഫോമഴിക്കാനാകുമോ എന്നുറപ്പില്ല. കൂടെയുണ്ടായിരുന്ന പലരും പരിക്കേറ്റ് ആശുപത്രികളിലാണ്.
ഡ്യുട്ടിയല്ലേ, ഇങ്ങനെയൊക്കെ വേണ്ടി വരുമെന്ന് പോലീസുകാർക്കറിയാം. ഇതൊന്നും പുതിയ അനുഭവമല്ല ഒരു പോലീസുകാരനും. ബോംബെറിഞ്ഞും പുരകത്തിച്ചും കൊള്ളയടിച്ചും തെരുവിൽ അഴിഞ്ഞാടിക്കഴിഞ്ഞ് ഊളകളും അവരെ ഇളക്കിയിറക്കി വിട്ട മരയൂളകളും കിടന്നുറങ്ങുമ്പോഴൊക്കെ ഉറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലിരിക്കേണ്ടത് പോലീസുകാരന്റെ ഡ്യൂട്ടിയാണ്.
ഇവിടെ പക്ഷെ വേദനിപ്പിക്കുന്നത് അതല്ല. പൊതു സമൂഹം മുഴുവൻ കോഴിക്കോട്ടെ പോലീസിന്റെ വീഴ്ചയെ ചർച്ച ചെയ്യുന്നത് കേട്ടുകൊണ്ട് നിസ്സഹായരായിരിക്കേണ്ടി വരുന്നതാണ്. സർക്കാർ ഉറപ്പു പറഞ്ഞ സുരക്ഷ കോഴിക്കോട്ടെ കച്ചവടക്കാർക്ക് നൽകാനാവാതെ പഴി കേൾക്കേണ്ടി വരുന്നതാണ്. രാവും പകലും കഷ്ടപ്പെട്ടിട്ടും ഒരു നല്ല വാക്ക് കേൾക്കാനില്ലാത്തതുകൊണ്ടാണ്.
ഈ സാഹചര്യത്തിലാണ് ചിലതൊക്കെ പറയേണ്ടി വരുന്നത്. ഇവനാരെന്നും ഇവനെന്തർഹതയെന്നുമൊക്കെ മറുചോദ്യവും അച്ചടക്ക ലംഘനമെന്ന ആക്ഷേപവും നടപടികളുമൊക്കെ വരുമെന്നും അറിയാതെയല്ല. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാർ മുഴുവൻ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുക തന്നെ ചെയ്യുന്നു.
ഒരേ വിഷയത്തിൽ രാജ്യദ്രോഹപരമായ നിലപാട് സ്വീകരിച്ചു കൊണ്ട് അയ്യപ്പന്റെ പേരും പറഞ്ഞു നടത്തിയ ആറ് ഹർത്താലുകളാണ് തുടർച്ചയായി കേരളം നേരിട്ടത്. സഹിച്ചു മടുത്ത ജനങ്ങളും വിവിധ സംഘടനകളും ഇനി ഹർത്താൽ വേണ്ട എന്നും ഒരു പാർട്ടിയുടെ ഹർത്താലും അംഗീകരിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചു തുടങ്ങിയത് ഇപ്പോഴാണ്. ( SAY NO TO HARTHAL പ്രവർത്തകർ വർഷങ്ങളായി പറയുന്നത് പ്രമുഖ മാധ്യമങ്ങൾ ഏറ്റുപിടിക്കാൻ ‘ശബരിമല” ഹർത്താലുകൾ കാരണമായി.) ഹർത്താലുകൾക്കെതിരെ ജനരോഷം ഉയരുകയും അത് ശക്തിയാർജ്ജിക്കുകയും ചെയ്യുമ്പോഴാണ് രണ്ടു പെണ്ണുങ്ങൾ മല ചവിട്ടിയ ‘അയിത്ത’ത്തിന്റെ പേരും പറഞ്ഞ് ഏഴാമത്തെ ഹർത്താൽ വരുന്നത്. നൂറു ശതമാനവും പരാജയപ്പെടുത്തേണ്ട ഒരു ഹർത്താൽ.
കച്ചവടക്കാർ കട തുറക്കാൻ തയ്യാറാണെന്നും കേരളാപോലീസ് അവർക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി.
സർക്കാർ ജനങ്ങൾക്കൊപ്പം ഉത്തരവാദിത്തതോടെ നിലകൊണ്ടു.
മാറ്റത്തിന്റെ, പ്രതിരോധത്തിന്റെ കാറ്റ് കണ്ടു പേടിച്ച നേതാക്കന്മാർ അണികളെന്ന പേരിൽ കൂലിത്തല്ലുകാരെയും വിഷജീവികളെയും ഇളക്കിയിറക്കി വിട്ട് അണിയറയിലേക്കു പതുങ്ങി. ഹർത്താലിനെ എതിർക്കുന്നവരെ പേടിപ്പിക്കാൻ തലേന്ന് തന്നെ ‘അണികൾ’ തെരുവുകളിൽ അഴിഞ്ഞാട്ടം തുടങ്ങി.
പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ലഭിക്കുന്ന ധൈര്യത്തോടെ കേരളത്തിലെ എല്ലായിടത്തുമെന്നപോലെ കോഴിക്കോട്ടും കച്ചവടക്കാർ കടതുറക്കാൻ തീരുമാനിക്കുന്നു. പോലീസ് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
രാവിലെ തന്നെ പൊലീസുകാരെ വിന്യസിച്ചു. കടകൾ തുറന്നു. അക്രമമുണ്ടായി. പോലീസ് ലാത്തിച്ചാർജ് നടത്തി. ഏതാനും പേരെ പിടികൂടി.പക്ഷേ, കടകൾ അടക്കേണ്ടി വന്നു. വാഗ്ദാനം ചെയ്ത സുരക്ഷ എവിടെയോ പോയി. വെയിലും ചൂടും കല്ലേറും നേരിട്ട പൊലീസിന് പഴി മാത്രം ബാക്കിയായി.
എന്ത് കൊണ്ട്? ആരാണുത്തരവാദി?
ആ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് കോഴിക്കോട്ടെ ജില്ലാ പോലീസ് മേധാവി ഒരു വൻ പരാജയമാണെന്നു തിരിച്ചറിയുന്നത്. എണ്ണത്തിൽ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തിൽ അത്ര ദുർബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്.
മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാൻ പറ്റിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വഴികളൊന്നും പുതിയതല്ല. ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ് അക്രമികൾ വന്നത്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുൻപേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളിൽ അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാൽ തന്നെ വിജയിക്കുമായിരുന്നു. അതുണ്ടായില്ല. അക്രമമുണ്ടായ ശേഷം അറസ്റ്റ് ചെയ്യുന്നതല്ല , അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു IPS ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് താൻ പ്ലാൻ ചെയ്തിരിക്കുന്ന ബന്തവസ്സിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളിൽ നിന്നും വന്നു ജോലിചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥർക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികൾക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?
സർക്കാരും ഡി ജി.പിയും നിർദ്ദേശിച്ച പ്രകാരം കടകൾക്കു സുരക്ഷ നല്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങൾ കൊണ്ടോ?
അക്രമികളെ അടിച്ചോടിക്കുമ്പോൾ അവർ പോകുന്ന വഴിക്കൊക്കെ അലമ്പുണ്ടാക്കുമെന്നും തച്ചു തകർക്കുമെന്നും അറിയാത്തതല്ലല്ലോ. അമ്പതു പേരെയെങ്കിലും അറസ്റ്റ് ചെയ്തു മാറ്റുവാനുള്ള സംവിധാനം ഇല്ലാതെ പോയതെന്തുകൊണ്ടാണ്?
തലേ ദിവസം സ്ത്രീകളുൾപ്പെടയുള്ളവരെ അക്രമിച്ച അതേ ഗുണ്ടകൾ പിറ്റേന്നും അക്രമത്തിനു മുൻപിൽ നിന്നത് കണ്ടു. അക്രമം നടത്തി സുഖമായി വീട്ടിൽ പോയുറങ്ങി പിറ്റേന്ന് വീണ്ടും അക്രമിയായി വരാൻ അവർക്കെങ്ങനെ ധൈര്യം കിട്ടുന്നു? ഉത്തരേന്ത്യൻ കലാപങ്ങളുടെ മാതൃകയിൽ റോഡുകളിലൂടെ ( ആ സമയത്ത് ഒരു പോലീസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടൻ റോഡുകൾ!! ) സകലതും തകർത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടൻ ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പോലീസ് മേധാവിയല്ലേ?
ബന്തവസ്സിന്റെ പരാജയത്തിനു ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയിൽ കണ്ടത്. കച്ചവടക്കാർ ധീരമായി കടകൾ തുറന്ന വലിയങ്ങാടിയിൽ നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെ. ആളെക്കൂട്ടി വരാമെന്നു ഭീഷണിപ്പെടുത്തി പോയ അക്രമികളെ പേടിച്ചിട്ടായിരിക്കില്ല കടകൾ പൂട്ടിയത്- ആ രണ്ടു പോലീസുകാരുടെ ജീവൻ കൊണ്ട് കളിക്കാൻ കമ്മീഷണറെപ്പോലെ കച്ചവടക്കാർക്ക് മനസ്സു വരാത്തതുകൊണ്ടാകണം. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പൊലീസുകാരെ വേണ്ടി വരുമ്പോൾ ഒരങ്ങാടിയിലെ കലാപമൊഴിവാക്കാൻ വിന്യസിച്ചത് വെറും രണ്ടു പേരെ!
ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ കൃത്യമായ ബന്തവസ്സ് സ്‌കീമുണ്ടാക്കി സുരക്ഷയൊരുക്കാൻ സിറ്റി പോലീസ് മേധാവി തയ്യാറാകാണം എന്നപേക്ഷിക്കാനാണ്. ഹർത്താലിന്റെ സ്ഥിരം ബന്തവസ്സ് സ്കീം തീയതി മാറ്റി കോപ്പി പേസ്റ്റ് ചെയ്താൽ പോരാ, അതാതു സമയത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അത് പുതുക്കിപ്പണിയണം. കമാന്റിംഗ് ഓഫീസർമാർക്കെങ്കിലും അതിന്റെ പകർപ്പ് നല്കണം.
പോലീസുകാരെ അടിമകളെന്ന മട്ടിൽ കാണാതെ അവർക്കു ധൈര്യവും ഊർജ്ജവും നൽകി നയിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ പോലീസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥർ വിഡ്ഢികളാണെന്ന ധാരണ മാറ്റണം . ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാൽ ഒപ്പം നിൽക്കാൻ പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പോലീസുകാരിലേറെയും. ഫീൽഡിൽ നിൽക്കുന്ന, ജനങ്ങളോടിടപഴകുന്ന എ സി പി മുതൽ സിവിൽ പോലീസ് ഓഫീസർ വരെയുള്ള പോലീസുകാർക്ക് അനുഭവജ്ഞാനം കൂടുതലുണ്ടാവും. അവരിൽ നിന്ന് വിവരങ്ങൾ അറിയാൻ ശ്രമിച്ചാൽ ഗുണമുണ്ടാവും. ഹൈറാർക്കിയുടെ ഉയരത്തിൽ നിന്ന് കൽപ്പനകൾ മാത്രം പുറപ്പെടുവിക്കുന്ന ഒരാൾക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാൻ പറ്റില്ല.
ഇതൊക്കെ നേരെ ചെന്ന് പറഞ്ഞാൽ പോരെ, പൊതു സമൂഹത്തിൽ പറയുന്നത് കുറ്റമല്ലേ എന്ന് ചോദ്യം വരും.
പക്ഷേ, നേരെ ചെന്ന് ആരോട് പറയാൻ? ആര് കേൾക്കാൻ?
ഇതാവുമ്പോൾ അച്ചടക്ക നടപടികൾ വന്നാൽ എനിക്ക് കണ്ടം തികയാതെ വരുമെങ്കിലും കേൾക്കേണ്ടവർ കേൾക്കുക തന്നെ ചെയ്യും. വായിക്കേണ്ടവർ വായിക്കുകയും.
(അക്രമികൾ എറിഞ്ഞ വാക്കുകളോളം മൂർച്ച കല്ലുകൾക്കില്ല! ഉള്ളിൽ കുത്തിനിറച്ച വീര്യം കൂടിയ വിഷം പതഞ്ഞുണ്ടായ വാക്കുകൾ! പിറ്റേ ദിവസം മുതൽ കച്ചവടക്കാരുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് കേസൊഴിവാക്കിക്കിട്ടാൻ യാചിക്കുന്നുണ്ട് വില്ലാളി വീരന്മാർ!)
Discussion about this post