തിരുവനന്തപുരം: ആലുവയില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.
നേരത്തെ കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ചത്.
അതേസമയം, കുടുംബത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കിയാല്‍ പോരെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. കുടുംബത്തിന് സര്‍ക്കാര്‍ വീടും സ്ഥലവും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.