റാന്നി: കടം വാങ്ങിയ 500 രൂപ മടക്കി ചോദിച്ചതിന്റെ പേരിൽ വീട്ടിൽ കയറി വയഓധികനേയും കൊച്ചുമകനേയും കൊലപ്പെടുത്താൻ ശ്രമം. വീട്ടിൽ കയറി ഇരുവരേയും മർദിക്കുകയും കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തയാളെ റാന്നി പോലീസ് പിടികൂടി. തണ്ണിത്തോട് തേക്കുതോട് പ്ലാന്റേഷൻമുക്ക് സതീഷ് ഭവനിൽ സതീഷ്(39) ആണ് അറസ്റ്റിലായത്.
ഇയാൾ മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. റാന്നി പുതുശ്ശേരിമല കിഴക്കെവിള പുളിനിൽക്കുന്നതിൽ സോമരാജൻ നായർക്കും കൊച്ചുമകൻ അതുൽകുമാറിനുമാണ് ഇയാളുടെ മർദ്ദനമേറ്റത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
അതുൽ കുമാറിന് സതീഷ് 500 രൂപ കൊടുക്കാനുണ്ട്. ഇത് തിരികെ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം സതീഷ് മുറ്റത്തുനിന്ന അതുലിനെ മർദിക്കുകയും അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് തടയാൻ ശ്രമിച്ച സോമരാജൻ നായരെ വീട്ടിൽ കയറി കല്ലുകൊണ്ട് ഇടിച്ചു. വാരിയെല്ലിന്റെ ഇടതുഭാഗത്ത് ഇടിയേറ്റ് പൊട്ടലുണ്ടായി.
പിന്നീട് വെട്ടുകത്തി കൊണ്ട് അതുലിന്റെ മോട്ടോർ സൈക്കിളിൽ വെട്ടി കേടുപാട് വരുത്തുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. കൂടാതെ, വീട്ടിലുള്ളവരെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് വെട്ടുകത്തിയുമായി അക്രമാസക്തനായി നിന്ന സതീഷിനെ കസ്റ്റഡിയിലെടുകയായിരുന്നു.
റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോമരാജൻ നായരുടെ മൊഴിവാങ്ങി പോലീസ് കേസെടുത്തു. തുടർന്ന് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Discussion about this post